നോഡല്‍ സെണ്റ്ററിലെ തിരക്കുകള്‍ക്കിടയില്‍ തണ്റ്റെ മേശപ്പുറത്ത് കുമിഞ്ഞുകൂടുന്ന ഫയലുകള്‍ നോക്കി രഞ്ചന്‍ അസ്വസ്ഥനായി. ഇനിയും ഒരുപാടു പണി തീരാതെ ബാക്കിയാണ്.
ചുമരിലെ ക്ലോക്കില്‍ നാലരയായിരിക്കുന്നു. ഇനി അര മണിക്കൂര്‍ കൂടി മാത്രം... പ്രേംനാഥ് സാറ്‍ സീറ്റില്‍ തന്നെയുണ്ട്. അല്ലെങ്കില്‍ എല്ലാ ഫയലുകളും മാറ്റിവച്ച് ഫേസ്ബുക്കിലൊന്ന് കേറി നോക്കാമായിരുന്നു.
ഒരു പക്ഷേ സൌമ്യ ഇപ്പോള്‍ ഓണ്‍ലൈനിലുണ്ടാകും. വേണ്ട...പ്രേംനാഥ് സാര്‍ കണ്ടാല്‍ പ്രശ്നമാകും. ഒരിക്കല്‍ സാറിനു മുന്നില്‍ പിടിക്കപ്പെട്ടതാണ് ഈ ചാറ്റിംഗ്.
നാലേമുക്കാലായപ്പോഴേക്കും സാറ് സീറ്റില്‍ നിന്നെഴുന്നേറ്റു. സൂപ്രണ്ട് ചന്ദ്രന്‍ സാറിനെ ഇന്ന് കാലത്ത് ഒപ്പിട്ടശേഷം ഓഫീസില്‍ കണ്ടിട്ടേയില്ല.
അഞ്ചുമണിക്കു മുന്‍പേ രഞ്ചനും ഓഫീസു വിട്ടിറങ്ങി. ഈ പുഴുങ്ങുന്ന ചൂടില്‍ ഹെല്‍മറ്റ് വയ്ക്കാന്‍ ഇഷ്ടമല്ലെങ്കില്‍ കൂടി ബൈക്കു സ്റ്റാര്‍ട്ടുചെയ്യുന്നതിനു മുന്നേ രഞ്ചന്‍ ഹെല്‍മറ്റ് ധരിച്ചു. ഒരു മിഡില്‍ക്ളാസ് ഗവണ്‍മണ്റ്റ് ഉദ്യോഗസ്ഥന് പതിവായി നൂറുരൂപ പിഴ കൊടുക്കാന്‍ സാധിക്കില്ലെന്ന് രഞ്ചനും നന്നായി അറിയാമായിരുന്നു.
വീട്ടിലെത്തി ബൈക്ക് ഓഫ് ചെയ്തപ്പോഴേക്കും ഭാര്യ ഇറങ്ങി വന്നു. "മുത്തച്ഛന്‍ കിടപ്പു തന്നെയാണ്. നല്ല ചുമയുമുണ്ട്. ഡോക്ടറെ ഒന്നു കാണിക്കണ്ടേ ?"
അസ്വസ്ഥതയോടെ രഞ്ചന്‍ ഭാര്യയെ ഒന്നു തുറിച്ചു നോക്കി. ഓഫീസില്‍ നിന്നും വന്നു കയറിയതേയുള്ളൂ, അപ്പോഴേക്കും.... ഡോക്ടര്‍ പണ്ടു തന്ന ചുമയുടെ മരുന്ന് കൊടുക്കെന്നു പറഞ്ഞ് രഞ്ചന്‍ അകത്തേക്കു നടന്നു.
സൌമ്യ ഒരുപക്ഷേ ഇപ്പേൊള്‍ ഓണ്‍ലൈനിലുണ്ടാകും. അവളുടെ ഹസ്ബണ്റ്റു വന്നാല്‍പ്പിന്നെ ചാറ്റ് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. രഞ്ചന്‍ വസ്ത്രം മാറുന്നതിനു മുന്നേ ചുമരലമാരിയില്‍ നിന്നും ലാപ്‌ടോപ്പ് എടുത്ത് ഓണ്‍ ചെയ്തു. പഴയ ലാപ്‌ടോപ്പാണ്. ഒണായി വരാന്‍ സമയമെടുക്കും.
വസ്ത്രം മാറി മുഖം കഴുകി വന്നപ്പോഴേക്കും ലാപ്‌ടോപ്പ് റെഡി. ധൃതിപിടിച്ച് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണെന്നു തോന്നുന്നു- ആദ്യ ശ്രമം പാഴായി. Incorrect Password ! എന്ന മെസ്സേജില്‍ അസ്വസ്ഥനായി വീണ്ടും പാസ്സ്‌വേര്‍ഡ് ടൈപ്പു ചെയ്തു. കമ്പ്യൂട്ടര്‍ വളരെ സ്ളോ ആണ്. കാത്തിരുപ്പുകള്‍ ശമിപ്പിച്ചുകൊണ്ട് ഫേസ്ബുക്കും അതിലെ 800ല്‍ പരം കൂട്ടുകാരും രഞ്ചനു മുന്നിലെത്തി. രഞ്ചന്‍ ഓണ്‍ലൈനിലുള്ളവരുടെ ലിസ്റ്റ് പരതി. ....സൂസന്‍, വിനോദ്, രഘു, മിഷി..... സൌമ്യയില്ല.
ഛെ! ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങേണ്ടതായിരുന്നു. അല്ലാത്തപക്ഷം ഒരു ബ്ളാക്ക്ബറി !പക്ഷേ, ബ്ളാക്ക്ബെറിക്ക് ഒരുപാട് തുകയാകും. ഗള്‍ഫിലുള്ള് അനിയന്‍ സഞ്ചയോടു പറഞ്ഞ് ഒരെണ്ണം സംഘടിപ്പിക്കണം.
കുറച്ചു നേരം ലാപ്‌ടോപ്പിനു മുന്നില്‍ വറുതേയിരുന്നു. ഭാര്യ ചായകുടിക്കാന്‍ വിളിക്കുന്നു. ഇതു മൂന്നാമത്തെ വിളിയാണ്. ഫേസ്ബുക്കില്‍ എന്തെങ്കിലും മെസ്സേജ് പങ്കു വയ്ക്കാതെ എങ്ങിനെയാണ് ലോഗൌട്ടു ചെയ്യുക ? പതിവായി എഴുതാറുള്ള കവിതാശകലങ്ങളെഴുതാന്‍ ഒരു മൂഡില്ല. ഇനിയെന്തെഴുതും ?
"Grand father is sick. He was very healthy until last week " എന്ന മെസ്സേജ് പോസ്റ്റ് ചെയ്ത് രഞ്ചന്‍ ചായകുടിക്കാന്‍ പോയി.
"എന്തു പറ്റി, സുഖമില്ലേ ? ഒരു വല്ലായ്ക പോലെ." ഭാര്യയുടെ ചോദ്യത്തിനു മറുപടി പറയാതെ രഞ്ചന്‍ കുളിമുറിയിലേക്കു നടന്നു.
ഒരുപക്ഷേ സൌമ്യ കാത്തിരുന്നു കാണും. രഞ്ചന്‍ ഷവറിനടിയില്‍ കുറേ നേരം നിന്നു. മനസ്സില്‍ പ്രണയത്തിണ്റ്റെ മൂളിപ്പാട്ട്. ഓഫീസിലെ മേശപ്പുറത്ത് കുന്നുകൂടിയ ഫയലുകളുടെ ഓര്‍മ്മ എല്ലാ മൂഡുകളേയും തകര്‍ക്കുന്നു.
കുളികഴിഞ്ഞ് മുറിയിലേക്ക് നടക്കുമ്പേൊള്‍ മുത്തച്ഛണ്റ്റെ ചുമ നന്നായി കേള്‍ക്കാം. പതിയെ മുത്തച്ഛണ്റ്റെ മുറിയിലേക്കു നടന്നു. മുത്തച്ഛന്‍ കണ്ണടച്ചുകിടക്കുകയാണ്, നന്നായി ശ്വാസം വലിക്കുന്നുണ്ട്. ഒരു വെണ്റ്റോളിന്‍ ഗുളിക മുത്തച്ഛനു കൊടുക്കാന്‍ ഭാര്യയേൊടു പറഞ്ഞിട്ട് രഞ്ചന്‍ മുറിയിലേക്കു നടന്നു.
ഫേസ്ബുക്കിലേക്കു വീണ്ടും ലോഗിന്‍ ചെയ്തു. രഞ്ചനെ ഞെട്ടിച്ചുകൊണ്ട് കമണ്റ്റുകളുടെ പ്രവാഹം. ഒരു മണിക്കൂറിനുള്ളില്‍ 46 കമണ്റ്റുകള്‍. മുത്തച്ഛന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് കൂടുതല്‍ കമണ്റ്റുകള്‍. രഞ്ചനു സന്തോഷം തോന്നി. എത്ര നല്ല സുഹൃത്തുക്കള്‍. പലരേയും ഒരിക്കല്‍പ്പോലും നേരിട്ടുകണ്ടിട്ടുപോലുമില്ല. മ്യൂച്ചല്‍ഫ്രണ്ടുകള്‍ വഴി എത്തിപ്പെട്ട കുറേ സുഹൃത്തുക്കള്‍. നല്ല ഫോട്ടോ നോക്കി രഞ്ചന്‍ തിരഞ്ഞുടുത്ത കുറേ പെണ്‍സുഹൃത്തുക്കള്‍.
ഡിന്നറിനു ഭാര്യ വിളിച്ചപ്പോഴാണ് ഫേസ്ബുക്കില്‍ നിന്നും പിന്തിരിഞ്ഞത്.
മുത്തച്ഛനു ഭക്ഷണം കൊടുത്തോ ? ഡിന്നറിനിടയില്‍ രഞ്ചന്‍ ഭാര്യയോടു ചോദിച്ചു. ഒരു നീട്ടിയ മൂളലില്‍ ഭാര്യ തണ്റ്റെ മുഴുവന്‍ അതൃപ്തിയും പ്രകടിപ്പിച്ചു.
രഞ്ചന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പുറത്ത് മുത്തച്ഛണ്റ്റെ ഉറക്കെയുള്ള ചുമ. "നീ ഇതുവരെ വെണ്റ്റോളിന്‍ കൊടുത്തില്ലേ ?" രഞ്ചന്‍ ഭാര്യയെ ശാസിച്ചു. ഉറക്കം വരാതെ രഞ്ചന്‍ പതിയെ എഴുന്നേറ്റു.
ലാപ്‌ടോപ്പ് എടുത്ത് ഓണ്‍ ചെയ്തു. പതിവു പോലെ ഫേസ്ബുക്കിലേക്ക്. രഞ്ചന്‍ വീണ്ടും ഞെട്ടി. 140ല്‍ പരം കമണ്റ്റുകള്‍. ഓണ്‍ലൈനില്‍ ഒരുപാടുപേര്‍. മുത്തച്ഛന്‍ ഏതു മോഡലാണെന്നു തുടങ്ങി പല പല കമണ്റ്റുകള്‍. ചില കമണ്റ്റുകളിലെ പരിഹാസ്യത കണ്ട് രഞ്ചനു ചിരി വന്നു.
ഭാര്യയുടെ കൂര്‍ക്കംവലി കേട്ടപ്പോള്‍ രഞ്ചനും ഉറങ്ങാന്‍ തോന്നി.
നേരം പരപരാ വെളുക്കുന്നതേയുള്ളൂ. ഭാര്യ കരഞ്ഞുകൊണ്ട് ഓടിവന്ന് രഞ്ചനെ വിളിച്ചുണര്‍ത്തി. രഞ്ചന്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു.
മുത്തച്ഛന്‍.......ഭാര്യ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ കരഞ്ഞുകൊണ്ടിരുന്നു.
രഞ്ചന്‍ വേഗം മുത്തച്ഛണ്റ്റെ മുറിയിലേക്കു നടന്നു. മുത്തച്ഛനിപ്പോള്‍ ശക്തിയായി ശ്വാസം വലിക്കുന്നില്ല. ശകതിയായെന്നല്ല...ശ്വാസമേ വലിക്കുന്നില്ല.
രഞ്ചന്‍ നിസ്സഹായതയോടെ ഭാര്യയുടെ മുഖത്തു നോക്കി. ഭാര്യ കരഞ്ഞുകൊണ്ടേയിരുന്നു.
ഇനിയെന്ത് ? രഞ്ചനുമുന്നില്‍ ശൂന്യത. ഈ വിവരം എല്ലാവരേയും അറിയിക്കണം.
രഞ്ചന്‍ മുറിയിലേക്കു നടന്നു. ഫേസ്ബുക്കിലേക്ക് വീണ്ടും ലോഗിന്‍ ചെയ്തു.
"My Grandfather is passed away today morning "
മെസ്സേജ് പങ്കുവച്ച് രഞ്ചന്‍ വീണ്ടും മുത്തച്ചണ്റ്റെ മുറിയിലെത്തി.
ഭാര്യ കരഞ്ഞുകൊണ്ടേയിരുന്നു. പെണ്ണുങ്ങള്‍ക്കെങ്ങിനെ ഇങ്ങിനെ കരയാന്‍ കഴിയുന്നു. രഞ്ചന്‍ സ്വയം ചോദിച്ചു.
ഇനി മറ്റു ബന്ധുക്കളെ അറിയിക്കണം. രഞ്ചന്‍ ഓരോരുത്തരെയായി ഫോണ്‍ ചെയ്തു. എല്ലാവരുടെയും അനുശോചനം, പലരുടെയും ഒഴിവുകഴിവുകള്‍.
മുത്തച്ചണ്റ്റെ വലിയൊരു ആഗ്രഹമായിരുന്നു തെക്കുഭാഗത്തെ നെല്ലിമരത്തിനടുത്ത് സംസ്കരിക്കണമെന്ന്. പതിമൂന്നുവയസ്സുള്ളപ്പോള്‍ മുത്തച്ഛന്‍ നട്ട നെല്ലിമരമാണത് . എന്നും വൈകിട്ട് ആ നെല്ലിമരത്തിണ്റ്റെ കീഴില്‍ ചരുകസേരയുമിട്ട് മുത്തച്ഛന്‍ വെറുതേ ഇരിക്കുമായിരുന്നു.
പതിയെ വീശുന്ന പടിഞ്ഞാറന്‍ കാറ്റില്‍ മുത്തച്ഛന്‍ അങ്ങിനെ കിടക്കുന്നതു കാണുമ്പോള്‍ രഞ്ചന്‍ അസ്വസ്ഥനാകും. waste of time . പഴയ തലമുറയുടെ സാങ്കേതിക വിവരമില്ലായ്മയില്‍ രഞ്ചന്‍ പരിതപിക്കും. ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റ് ചെയ്യാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ആ ചാരുകസേരയില്‍ കിടന്ന് മുത്തച്ഛന് വെറുതേ സമയം കളയണ്ടായിരുന്നു. പണ്ട് മുത്തശ്ശി മരിച്ചപ്പോള്‍ ആ നെല്ലിമരത്തിനടുത്താണ് ചിതയൊരുക്കിയത്. അന്ന് വിതുമ്പുന്ന മനസ്സ് പുറത്തുകാണിക്കാതെ മുത്തച്ഛന്‍ പറഞ്ഞതാണ്...'എണ്റ്റെ ചിതയും ഇവിടെത്തന്നെ ഒരുക്കണം'. ഒരുപക്ഷേ ഒറ്റപ്പെടലിണ്റ്റെ ഭീതി മുത്തച്ഛന് അന്നുതന്നെ തോന്നിക്കാണാം.
മുത്തശ്ശിയുടെ അസ്ഥിത്തറയില്‍ ഇന്നാരും വിളക്കുവയ്ക്കാറില്ല. ജീവിച്ചിരിക്കുന്നവരെ നോക്കാന്‍ സമയമില്ല. പിന്നല്ലേ, മരിച്ചു മണ്ണടിഞ്ഞവരെ ശുശ്രൂഷിക്കല്‍.. രഞ്ചന്‍ ഭൂതകാല ഓര്‍മ്മകളില്‍നിന്നും തണ്റ്റെ മരണവീട്ടിലേക്കെത്തി.
മുത്തച്ഛന്‍ ഇപ്പോഴും കട്ടിലില്‍ തന്നെ. അനിയന്‍ സഞ്ചയിണ്റ്റെ കൂടെ താമസിക്കുന്ന അച്ഛനും അമ്മയും എത്തിയപ്പോഴാണ് രഞ്ചന് ആശ്വാസമായത്. ഗേറ്റു കടന്നപ്പോള്‍ മുതല്‍ അമ്മയും കരച്ചില്‍ തുടങ്ങി.
അച്ഛന്‍ പറഞ്ഞതനുസരിച്ച് മുത്തച്ഛനെ കട്ടിലില്‍നിന്നുമിറക്കി ഉമ്മറത്തു കിടത്തി. അയല്‍പക്കത്തെ സരസു ആണ്റ്റി വന്നു. ഭര്‍ത്താവിന് അവധിയെടുക്കാന്‍ കഴിയില്ലെന്ന ക്ഷമാപണവുമായി.
ഉമ്മറക്കോലായിലെ മുത്തച്ഛനു മുന്നില്‍ കരയുന്ന അമ്മയും ഭാര്യയും. നിസ്സംഗതയോടെ പുറത്തേക്കു നോക്കിനില്‍ക്കുന്ന അച്ഛന്‍.
രഞ്ചന്‍ മുറിയിലേക്കു നടന്നു. ഫേസ്ബുക്ക് ഓപ്പണ്‍ചെയ്തു. 400ല്‍പ്പരം അനുശോചന സന്ദേശം. ഉറ്റ സുഹൃത്ത് വിനയന്‍ അനുശോചനക്കുറിപ്പിനൊപ്പം വരാന്‍ കഴിയാത്തതില്‍ ക്ഷമാപണവും എഴുതിയിട്ടുണ്ട്. ഓണ്‍ലൈനിലുള്ളവരുടെ ലിസ്റ്റില്‍ വെറുതേ പരതി.....സൌമ്യയുണ്ട്. പക്ഷേ, ഇപ്പോള്‍... ?
ആദ്യമായിട്ടാണ് 400ല്‍പ്പരം കമണ്റ്റുകള്‍ കിട്ടുന്നത്.
പണ്ടൊക്കെ എഴുതിയിരുന്ന കവിതാശകലങ്ങള്‍ക്ക് മൂന്നോ നാലോപേര്‍ കമണ്റ്റെഴുതിയാല്‍ തന്നെ ഏറെ സന്തോഷമായിരുന്നു. 400ല്‍പ്പരം കമണ്റ്റുകള്‍. ഇത്രയും കൂട്ടുകരുള്ളതില്‍ രഞ്ചന്‍ ഉള്ളാലെ സന്തോഷിച്ചു.
ഉമ്മറത്തുനിന്നും അച്ഛണ്റ്റെ വിളികേട്ടപ്പോഴാണ് രഞ്ചന്‍ ഫേസ്ബുക്കില്‍നിന്നും ലോഗൌട്ടു ചെയ്തത്.
മണിക്കൂറ്‍ നാലായി. ആരെയും കാണാനില്ലല്ലോ. അച്ഛന്‍ അസ്വസ്ഥനായി.
ഇനിയെന്ത് എന്നറിയാതെ സൈബര്‍ലോകത്തു മാത്രം ബന്ധങ്ങളുള്ള രഞ്ചന്‍ നിര്‍വ്വികാരതയോടെ അച്ഛണ്റ്റെ മുഖത്തേക്കു നോക്കി. അച്ഛന്‍
പോക്കറ്റ്‌ഡയറിയില്‍ നിന്നും ഏതോ നമ്പര്‍ തപ്പിയെടുത്ത് ആരെയോ വിളിച്ചു.
"മുനിസിപ്പലിറ്റിയുടെ ആമ്പുലന്‍സ് ഇപ്പോള്‍ വരും. വൈദ്യുതശ്മശാനത്തില്‍ കൊണ്ടുപോകാം. അല്ലാതെ ആരാണിതൊക്കെ ചെയ്യുക? സഞ്ചയിണ്റ്റെ കുട്ടികള്‍ സ്കൂളില്‍നിന്നും വരുന്നതിനു മുന്നേ തിരികെപ്പേൊകണം" അച്ഛന്‍ പറഞ്ഞു നിര്‍ത്തി.
ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ മുനിസിപ്പാലിറ്റിയുടെ ആമ്പുലന്‍സ് വീടിനു മുന്നിലെത്തി. രഞ്ചനും അച്ഛനും കൂടി മുത്തച്ഛണ്റ്റെ ശരീരം സ്ട്രച്ചറിലേക്ക് എടുത്തു കിടത്തി.
മുനിസിപ്പാലിറ്റിയുടെ വൈദ്യുതശ്മശാനത്തിലേക്ക് ആമ്പുലന്‍സില്‍ പോകുമ്പോള്‍ രഞ്ചന്‍ കൊതിച്ചു, ഒരു ബ്ളാക്ക്ബെറിയുണ്ടായിരുന്നെങ്കില്‍...... ഒരുപക്ഷേ, കമണ്റ്റുകള്‍ ഇപ്പോള്‍ 500 കവിഞ്ഞു കാണും.
വൈദ്യുതശ്മശാനത്തിലെത്തി...അമ്മയുടേയും ഭാര്യയുടേയും കരച്ചിലിണ്റ്റെ ആക്കം വല്ലാതെകൂടി. മുത്തച്ഛനെ ആരൊക്കെയോചേര്‍ന്ന് വൈദ്യുതചൂളയിലേക്ക് തള്ളിനീക്കി.
അച്ഛനാണ് ശ്മശാനജോലിക്കാര്‍ക്കും, ആമ്പുലന്‍സിനും പൈസ കൊടുത്തത്. രഞ്ചന് അതൊന്നും അത്ര പരിചയമില്ല.
വൈകിട്ടു മൂന്നുമണിക്കു മുന്നേ തിരിച്ചു വീട്ടിലെത്തി. കാറില്‍നിന്നുമിറങ്ങാതെ അതേ കാറില്‍ത്തന്നെ അച്ഛനും അമ്മയും അനിയണ്റ്റെ വീട്ടിലേക്കു പേൊയി. സഞ്ചയിണ്റ്റെ കുട്ടികള്‍ സ്കൂളില്‍നിന്നും എത്തുന്നതിനു മുന്നേ അവര്‍ക്കവിടെയെത്തണം. സഞ്ചയിണ്റ്റെ ഭാര്യക്ക് സെക്രട്ടറിയേറ്റിലാണു ജോലി.. ആഴ്ചയിലൊരിക്കലേ വരൂ.
വീട്ടിലെത്തിയ ഉടനേ കരഞ്ഞു തളര്‍ന്ന ഭാര്യ പോയിക്കിടന്നു.
രഞ്ചന്‍ ലാപ്‌ടോപ്പിനരികിലേക്കു നടന്നു. ഫേസ്ബുക്കിലേക്ക് വീണ്ടും ലോഗിന്‍ ചെയ്തു. രഞ്ചനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 700ല്‍പ്പരം കമണ്റ്റുകള്‍. ഏറെയും അനുശോചനങ്ങള്‍.
സൌമ്യ ഓണ്‍ലൈനിലുണ്ട്. " Hi, I am back " സൌമ്യക്കൊരു മെസ്സേജയച്ചു.
സൌമ്യയുടെ മറുപടിക്കായി കാത്തിരിക്കുമ്പേൊള്‍ വീടിനു പുറകിലെ നെല്ലിമരത്തെക്കുറിച്ചോ, അതിനുചുവട്ടില്‍ മുത്തച്ഛനു വേണ്ടി കാത്തിരിക്കുന്ന മുത്ത്ശ്ശിയെക്കുറിച്ചോ, മുത്തച്ഛണ്റ്റെ ആഗ്രഹങ്ങളെക്കുറിച്ചേൊ ഓര്‍ക്കാന്‍ രഞ്ചനു സമയമില്ലായിരുന്നു.
Hi, Where were you ? " സൌമ്യയുടെ മറുപടി.
മുഖമില്ലാത്തവരുടെ കൂട്ടായ്മയിലേക്ക് ഒഴുകിച്ചേരാന്‍ രഞ്ചന്‍ വിരലുകള്‍ ചലിപ്പിച്ചുകൊണ്ടേയിരുന്നു........
Picture: Yahoo