Friday, March 4, 2011

പക്ഷേ, വണ്ടി ഒരുപാടു ദൂരേക്കു പോയിരുന്നു.........

എനിക്കു മുന്നിലേക്കു വലിച്ചെറിയപ്പെട്ടഈ മഴയുടെ ആരവത്തിലേക്ക്‌ നീ വരുമെന്നു കരുതി ഞാന്‍ കാത്തു നിന്നു.
ചരിഞ്ഞു പെയ്യുന്ന മഴത്തുള്ളികള്‍ക്കപ്പുറം തണുത്ത കാറ്റു വീശുന്നുണ്ടയിരുന്നു.
മഴത്തുള്ളികള്‍ക്കെതിരെ കുട പിടിച്ച്‌ എണ്റ്റെ കാത്തിരുപ്പിലേക്കു കടന്നു വരുമ്പോള്‍ നീ പാതിയും നനഞ്ഞിരുന്നു.
പാളി നോക്കിയ ഒരു നോട്ടം ആരും കണ്ടില്ലേന്നു നടിച്ച്‌ നീ പതിവിലും വൈകിയ വണ്ടിക്കായി കാത്തുനില്‍ക്കുമ്പോള്‍, നീ എറിഞ്ഞു തന്ന നോട്ടത്തിണ്റ്റെ പുറന്തോടു പൊട്ടിച്ചു പുറxത്തായ പ്രണയാര്‍ദ്രമായ ഒരു ഭാവം ഞാന്‍ എന്നിലൊളിപ്പിച്ചത്‌ പെട്ടെന്നായിരുന്നു.
വണ്ടി ഒരു പക്ഷേ ഇനിയും വൈകിയേക്കാം.
അബദ്ധത്തില്‍ പോലും എന്നെ നോക്കതിരിക്കാന്‍ നീ വല്ലാതെ ശ്രമിക്കുന്നുണ്ടെന്നിക്കു തോന്നി. പുതുമഴത്തുള്ളികള്‍ക്കൊപ്പം വീണുകിട്ടിയ ആലിപ്പഴം കൈവെള്ളയില്‍ സൂക്ഷിക്കുന്ന കൌതുകതോടെ നീ എന്നിലേക്കെറിഞ്ഞു തന്ന നോട്ടത്തിണ്റ്റെ ചൂരു പോകാതെഞാന്‍ അതെണ്റ്റെ നെഞ്ചിണ്റ്റെ ചൂടിലൊളിപ്പിച്ചു.

എങ്ങി നെയാണതു പറയുക ... ?
എങ്ങി നെയാണവളതു സ്വീകരിക്കുക..... ?

ആശങ്കകളില്‍ കുഴഞ്ഞ ആലോചനകളിലൂടെ ഞാന്‍ വീണ്ടും മഴയെ നോക്കി കൊതിച്ചു,
വണ്ടി ഇനിയും വൈകിയിരുന്നെങ്കില്‍.

നനഞ്ഞ മഴയിലും വരണ്ട ചുണ്ടിനെ നാവുകൊണ്ടു നനച്ച്‌ ഞാന്‍ തയ്യറെടുക്കുമ്പോഴേക്കും അങ്ങു ദൂരെ നിന്നാ പഴയ വണ്ടി വരുന്നതു കണ്ടു.
മഴത്തുള്ളികള്‍ക്കൊപ്പം അടര്‍ന്നു വീഴുന്ന നിമിഷങ്ങെളെ പിടിച്ചു നിര്‍ത്താന്‍ ആയിരം കൈകളുണ്ടെങ്കിലെന്നു കൊതിച്ചപ്പോഴേക്കും
ഒരുപാടു കിതപ്പുകളോടെ ആ വണ്ടി അരികിലെത്തി.

ഒന്നു തിരിഞ്ഞു പോലും നോക്കതെ പാതി നനഞ്ഞ പട്ടുപാവാട ചെറുതായുയര്‍ത്തി അവളാ വണ്ടിയുടെ ഇരുട്ടിലേക്കു കയറുമ്പോള്‍
നനഞ്ഞു കിലുക്കം നഷ്ടപ്പെട്ട സ്വര്‍ണ്ണ പാദസ്സരത്തില്‍ കണ്ണുടക്കി.

വീണ്ടും കിതച്ചുകൊണ്ട്‌ ആ വണ്ടി അകലേക്കു പോകുമ്പോള്‍ പോളിത്തീന്‍ കവറില്‍ നനയാതെ പൊതിഞ്ഞു പിടിച്ച ഒരു ചുവന്ന റോസാപ്പൂ ഞാന്‍ പുറത്തെടുത്തു.
ഒപ്പം, വാലെണ്റ്റയിന്‍ ആശംസകളെഴുതിയ മഴ നനഞ്ഞു മഷി പടര്‍ന്നഒരു ചെറിയ കാര്‍ഡും.....

പക്ഷേ, വണ്ടി ഒരുപാടു ദൂരേക്കു പോയിരുന്നു.........