Monday, November 7, 2011

മുഖമില്ലാത്തവര്‍.


നോഡല്‍  സെണ്റ്ററിലെ തിരക്കുകള്‍ക്കിടയില്‍ തണ്റ്റെ മേശപ്പുറത്ത്‌ കുമിഞ്ഞുകൂടുന്ന ഫയലുകള്‍ നോക്കി രഞ്ചന്‍ അസ്വസ്ഥനായി. ഇനിയും ഒരുപാടു പണി തീരാതെ ബാക്കിയാണ്‌.

ചുമരിലെ ക്ലോക്കില്‍ നാലരയായിരിക്കുന്നു. ഇനി അര മണിക്കൂര്‍ കൂടി മാത്രം... പ്രേംനാഥ്‌ സാറ്‍ സീറ്റില്‍ തന്നെയുണ്ട്‌. അല്ലെങ്കില്‍ എല്ലാ ഫയലുകളും മാറ്റിവച്ച്‌ ഫേസ്ബുക്കിലൊന്ന് കേറി നോക്കാമായിരുന്നു.

ഒരു പക്ഷേ സൌമ്യ ഇപ്പോള്‍ ഓണ്‍ലൈനിലുണ്ടാകും. വേണ്ട...പ്രേംനാഥ്‌ സാര്‍ കണ്ടാല്‍ പ്രശ്നമാകും. ഒരിക്കല്‍ സാറിനു മുന്നില്‍ പിടിക്കപ്പെട്ടതാണ്‌ ഈ ചാറ്റിംഗ്‌.

നാലേമുക്കാലായപ്പോഴേക്കും സാറ്‌ സീറ്റില്‍ നിന്നെഴുന്നേറ്റു. സൂപ്രണ്ട്‌ ചന്ദ്രന്‍ സാറിനെ ഇന്ന് കാലത്ത്‌ ഒപ്പിട്ടശേഷം ഓഫീസില്‍ കണ്ടിട്ടേയില്ല.

അഞ്ചുമണിക്കു മുന്‍പേ രഞ്ചനും ഓഫീസു വിട്ടിറങ്ങി. ഈ പുഴുങ്ങുന്ന ചൂടില്‍ ഹെല്‍മറ്റ്‌ വയ്ക്കാന്‍ ഇഷ്ടമല്ലെങ്കില്‍ കൂടി ബൈക്കു സ്റ്റാര്‍ട്ടുചെയ്യുന്നതിനു മുന്നേ രഞ്ചന്‍ ഹെല്‍മറ്റ്‌ ധരിച്ചു. ഒരു മിഡില്‍ക്ളാസ്‌ ഗവണ്‍മണ്റ്റ്‌ ഉദ്യോഗസ്ഥന്‌ പതിവായി നൂറുരൂപ പിഴ കൊടുക്കാന്‍ സാധിക്കില്ലെന്ന് രഞ്ചനും നന്നായി അറിയാമായിരുന്നു.

വീട്ടിലെത്തി ബൈക്ക്‌ ഓഫ്‌ ചെയ്തപ്പോഴേക്കും ഭാര്യ ഇറങ്ങി വന്നു. "മുത്തച്ഛന്‍ കിടപ്പു തന്നെയാണ്‌. നല്ല ചുമയുമുണ്ട്‌. ഡോക്ടറെ ഒന്നു കാണിക്കണ്ടേ ?"

അസ്വസ്ഥതയോടെ രഞ്ചന്‍ ഭാര്യയെ ഒന്നു തുറിച്ചു നോക്കി. ഓഫീസില്‍ നിന്നും വന്നു കയറിയതേയുള്ളൂ, അപ്പോഴേക്കും.... ഡോക്ടര്‍ പണ്ടു തന്ന ചുമയുടെ മരുന്ന് കൊടുക്കെന്നു പറഞ്ഞ്‌ രഞ്ചന്‍ അകത്തേക്കു നടന്നു.

സൌമ്യ ഒരുപക്ഷേ ഇപ്പേൊള്‍ ഓണ്‍ലൈനിലുണ്ടാകും. അവളുടെ ഹസ്ബണ്റ്റു വന്നാല്‍പ്പിന്നെ ചാറ്റ്‌ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. രഞ്ചന്‍ വസ്ത്രം മാറുന്നതിനു മുന്നേ ചുമരലമാരിയില്‍ നിന്നും ലാപ്‌ടോപ്പ്‌ എടുത്ത്‌ ഓണ്‍ ചെയ്തു. പഴയ ലാപ്‌ടോപ്പാണ്‌. ഒണായി വരാന്‍ സമയമെടുക്കും.

 വസ്ത്രം മാറി മുഖം കഴുകി വന്നപ്പോഴേക്കും ലാപ്‌ടോപ്പ്‌ റെഡി. ധൃതിപിടിച്ച്‌ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണെന്നു തോന്നുന്നു- ആദ്യ ശ്രമം പാഴായി. Incorrect Password ! എന്ന മെസ്സേജില്‍ അസ്വസ്ഥനായി വീണ്ടും പാസ്സ്‌വേര്‍ഡ്‌ ടൈപ്പു ചെയ്തു. കമ്പ്യൂട്ടര്‍ വളരെ സ്ളോ ആണ്‌. കാത്തിരുപ്പുകള്‍ ശമിപ്പിച്ചുകൊണ്ട്‌ ഫേസ്ബുക്കും അതിലെ 800ല്‍ പരം കൂട്ടുകാരും രഞ്ചനു മുന്നിലെത്തി. രഞ്ചന്‍ ഓണ്‍ലൈനിലുള്ളവരുടെ ലിസ്റ്റ്‌ പരതി. ....സൂസന്‍, വിനോദ്‌, രഘു, മിഷി..... സൌമ്യയില്ല.

ഛെ! ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങേണ്ടതായിരുന്നു. അല്ലാത്തപക്ഷം ഒരു ബ്ളാക്ക്ബറി !പക്ഷേ, ബ്ളാക്ക്ബെറിക്ക്‌ ഒരുപാട്‌ തുകയാകും. ഗള്‍ഫിലുള്ള് അനിയന്‍ സഞ്ചയോടു പറഞ്ഞ്‌ ഒരെണ്ണം സംഘടിപ്പിക്കണം.

കുറച്ചു നേരം ലാപ്‌ടോപ്പിനു മുന്നില്‍ വറുതേയിരുന്നു. ഭാര്യ ചായകുടിക്കാന്‍ വിളിക്കുന്നു. ഇതു മൂന്നാമത്തെ വിളിയാണ്‌. ഫേസ്ബുക്കില്‍ എന്തെങ്കിലും മെസ്സേജ്‌ പങ്കു വയ്ക്കാതെ എങ്ങിനെയാണ്‌ ലോഗൌട്ടു ചെയ്യുക ? പതിവായി എഴുതാറുള്ള കവിതാശകലങ്ങളെഴുതാന്‍ ഒരു മൂഡില്ല. ഇനിയെന്തെഴുതും ? 

"Grand father is sick. He was very healthy until last week " എന്ന മെസ്സേജ്‌ പോസ്റ്റ്‌ ചെയ്ത്‌ രഞ്ചന്‍ ചായകുടിക്കാന്‍ പോയി.

"എന്തു പറ്റി, സുഖമില്ലേ ? ഒരു വല്ലായ്ക പോലെ."  ഭാര്യയുടെ ചോദ്യത്തിനു മറുപടി പറയാതെ രഞ്ചന്‍ കുളിമുറിയിലേക്കു നടന്നു.

ഒരുപക്ഷേ സൌമ്യ കാത്തിരുന്നു കാണും. രഞ്ചന്‍ ഷവറിനടിയില്‍ കുറേ നേരം നിന്നു. മനസ്സില്‍ പ്രണയത്തിണ്റ്റെ മൂളിപ്പാട്ട്‌. ഓഫീസിലെ മേശപ്പുറത്ത്‌ കുന്നുകൂടിയ ഫയലുകളുടെ ഓര്‍മ്മ എല്ലാ മൂഡുകളേയും തകര്‍ക്കുന്നു.

കുളികഴിഞ്ഞ്‌ മുറിയിലേക്ക്‌ നടക്കുമ്പേൊള്‍ മുത്തച്ഛണ്റ്റെ ചുമ നന്നായി കേള്‍ക്കാം. പതിയെ മുത്തച്ഛണ്റ്റെ മുറിയിലേക്കു നടന്നു. മുത്തച്ഛന്‍ കണ്ണടച്ചുകിടക്കുകയാണ്‌, നന്നായി ശ്വാസം വലിക്കുന്നുണ്ട്‌. ഒരു വെണ്റ്റോളിന്‍ ഗുളിക മുത്തച്ഛനു കൊടുക്കാന്‍ ഭാര്യയേൊടു പറഞ്ഞിട്ട്‌ രഞ്ചന്‍ മുറിയിലേക്കു നടന്നു.

ഫേസ്ബുക്കിലേക്കു വീണ്ടും ലോഗിന്‍ ചെയ്തു. രഞ്ചനെ ഞെട്ടിച്ചുകൊണ്ട്‌ കമണ്റ്റുകളുടെ പ്രവാഹം. ഒരു മണിക്കൂറിനുള്ളില്‍ 46 കമണ്റ്റുകള്‍. മുത്തച്ഛന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നാണ്‌ കൂടുതല്‍ കമണ്റ്റുകള്‍. രഞ്ചനു സന്തോഷം തോന്നി. എത്ര നല്ല സുഹൃത്തുക്കള്‍. പലരേയും ഒരിക്കല്‍പ്പോലും നേരിട്ടുകണ്ടിട്ടുപോലുമില്ല. മ്യൂച്ചല്‍ഫ്രണ്ടുകള്‍ വഴി എത്തിപ്പെട്ട കുറേ സുഹൃത്തുക്കള്‍. നല്ല ഫോട്ടോ നോക്കി രഞ്ചന്‍ തിരഞ്ഞുടുത്ത കുറേ പെണ്‍സുഹൃത്തുക്കള്‍.
ഡിന്നറിനു ഭാര്യ വിളിച്ചപ്പോഴാണ്‌ ഫേസ്ബുക്കില്‍ നിന്നും പിന്തിരിഞ്ഞത്‌.

മുത്തച്ഛനു ഭക്ഷണം കൊടുത്തോ ? ഡിന്നറിനിടയില്‍ രഞ്ചന്‍ ഭാര്യയോടു ചോദിച്ചു. ഒരു നീട്ടിയ മൂളലില്‍ ഭാര്യ തണ്റ്റെ മുഴുവന്‍ അതൃപ്തിയും പ്രകടിപ്പിച്ചു.

രഞ്ചന്‌ രാത്രി കിടന്നിട്ട്‌ ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പുറത്ത്‌ മുത്തച്ഛണ്റ്റെ ഉറക്കെയുള്ള ചുമ. "നീ ഇതുവരെ വെണ്റ്റോളിന്‍ കൊടുത്തില്ലേ ?" രഞ്ചന്‍ ഭാര്യയെ ശാസിച്ചു. ഉറക്കം വരാതെ രഞ്ചന്‍ പതിയെ എഴുന്നേറ്റു.

ലാപ്‌ടോപ്പ്‌ എടുത്ത്‌ ഓണ്‍ ചെയ്തു. പതിവു പോലെ ഫേസ്ബുക്കിലേക്ക്‌. രഞ്ചന്‍ വീണ്ടും ഞെട്ടി. 140ല്‍ പരം കമണ്റ്റുകള്‍. ഓണ്‍ലൈനില്‍ ഒരുപാടുപേര്‍. മുത്തച്ഛന്‍ ഏതു മോഡലാണെന്നു തുടങ്ങി പല പല കമണ്റ്റുകള്‍. ചില കമണ്റ്റുകളിലെ പരിഹാസ്യത കണ്ട്‌ രഞ്ചനു ചിരി വന്നു.

ഭാര്യയുടെ കൂര്‍ക്കംവലി കേട്ടപ്പോള്‍ രഞ്ചനും ഉറങ്ങാന്‍ തോന്നി.

നേരം പരപരാ വെളുക്കുന്നതേയുള്ളൂ. ഭാര്യ കരഞ്ഞുകൊണ്ട്‌ ഓടിവന്ന് രഞ്ചനെ വിളിച്ചുണര്‍ത്തി. രഞ്ചന്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു.

മുത്തച്ഛന്‍.......ഭാര്യ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ കരഞ്ഞുകൊണ്ടിരുന്നു.

രഞ്ചന്‍ വേഗം മുത്തച്ഛണ്റ്റെ മുറിയിലേക്കു നടന്നു. മുത്തച്ഛനിപ്പോള്‍ ശക്തിയായി ശ്വാസം വലിക്കുന്നില്ല. ശകതിയായെന്നല്ല...ശ്വാസമേ വലിക്കുന്നില്ല.

 രഞ്ചന്‍ നിസ്സഹായതയോടെ ഭാര്യയുടെ മുഖത്തു നോക്കി. ഭാര്യ കരഞ്ഞുകൊണ്ടേയിരുന്നു.

ഇനിയെന്ത്‌ ? രഞ്ചനുമുന്നില്‍ ശൂന്യത. ഈ വിവരം എല്ലാവരേയും അറിയിക്കണം.

രഞ്ചന്‍ മുറിയിലേക്കു നടന്നു. ഫേസ്ബുക്കിലേക്ക്‌ വീണ്ടും ലോഗിന്‍ ചെയ്തു.

"My Grandfather is passed away today morning "

മെസ്സേജ്‌ പങ്കുവച്ച്‌ രഞ്ചന്‍ വീണ്ടും മുത്തച്ചണ്റ്റെ മുറിയിലെത്തി.

ഭാര്യ കരഞ്ഞുകൊണ്ടേയിരുന്നു. പെണ്ണുങ്ങള്‍ക്കെങ്ങിനെ ഇങ്ങിനെ കരയാന്‍ കഴിയുന്നു. രഞ്ചന്‍ സ്വയം ചോദിച്ചു.

ഇനി മറ്റു ബന്ധുക്കളെ അറിയിക്കണം. രഞ്ചന്‍ ഓരോരുത്തരെയായി ഫോണ്‍ ചെയ്തു. എല്ലാവരുടെയും അനുശോചനം, പലരുടെയും ഒഴിവുകഴിവുകള്‍.

മുത്തച്ചണ്റ്റെ വലിയൊരു ആഗ്രഹമായിരുന്നു തെക്കുഭാഗത്തെ നെല്ലിമരത്തിനടുത്ത്‌ സംസ്കരിക്കണമെന്ന്. പതിമൂന്നുവയസ്സുള്ളപ്പോള്‍ മുത്തച്ഛന്‍ നട്ട നെല്ലിമരമാണത്‌ .   എന്നും വൈകിട്ട്‌ ആ നെല്ലിമരത്തിണ്റ്റെ കീഴില്‍ ചരുകസേരയുമിട്ട്‌ മുത്തച്ഛന്‍ വെറുതേ ഇരിക്കുമായിരുന്നു.

പതിയെ വീശുന്ന പടിഞ്ഞാറന്‍ കാറ്റില്‍ മുത്തച്ഛന്‍ അങ്ങിനെ കിടക്കുന്നതു കാണുമ്പോള്‍ രഞ്ചന്‍ അസ്വസ്ഥനാകും. waste of time . പഴയ തലമുറയുടെ സാങ്കേതിക വിവരമില്ലായ്മയില്‍ രഞ്ചന്‍ പരിതപിക്കും. ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റ്‌ ചെയ്യാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ആ ചാരുകസേരയില്‍ കിടന്ന് മുത്തച്ഛന്‌ വെറുതേ സമയം കളയണ്ടായിരുന്നു. പണ്ട്‌ മുത്തശ്ശി മരിച്ചപ്പോള്‍ ആ നെല്ലിമരത്തിനടുത്താണ്‌ ചിതയൊരുക്കിയത്‌. അന്ന് വിതുമ്പുന്ന മനസ്സ്‌ പുറത്തുകാണിക്കാതെ മുത്തച്ഛന്‍ പറഞ്ഞതാണ്‌...'എണ്റ്റെ ചിതയും ഇവിടെത്തന്നെ ഒരുക്കണം'. ഒരുപക്ഷേ ഒറ്റപ്പെടലിണ്റ്റെ ഭീതി മുത്തച്ഛന്‌ അന്നുതന്നെ തോന്നിക്കാണാം.

മുത്തശ്ശിയുടെ അസ്ഥിത്തറയില്‍ ഇന്നാരും വിളക്കുവയ്ക്കാറില്ല. ജീവിച്ചിരിക്കുന്നവരെ നോക്കാന്‍ സമയമില്ല. പിന്നല്ലേ, മരിച്ചു മണ്ണടിഞ്ഞവരെ ശുശ്രൂഷിക്കല്‍.. രഞ്ചന്‍ ഭൂതകാല ഓര്‍മ്മകളില്‍നിന്നും തണ്റ്റെ മരണവീട്ടിലേക്കെത്തി.

മുത്തച്ഛന്‍ ഇപ്പോഴും കട്ടിലില്‍ തന്നെ. അനിയന്‍ സഞ്ചയിണ്റ്റെ കൂടെ താമസിക്കുന്ന അച്ഛനും അമ്മയും എത്തിയപ്പോഴാണ്‌ രഞ്ചന്‌ ആശ്വാസമായത്‌. ഗേറ്റു കടന്നപ്പോള്‍ മുതല്‍ അമ്മയും കരച്ചില്‍ തുടങ്ങി.

അച്ഛന്‍ പറഞ്ഞതനുസരിച്ച്‌ മുത്തച്ഛനെ കട്ടിലില്‍നിന്നുമിറക്കി ഉമ്മറത്തു കിടത്തി. അയല്‍പക്കത്തെ സരസു ആണ്റ്റി വന്നു. ഭര്‍ത്താവിന്‌ അവധിയെടുക്കാന്‍ കഴിയില്ലെന്ന ക്ഷമാപണവുമായി.

ഉമ്മറക്കോലായിലെ മുത്തച്ഛനു മുന്നില്‍ കരയുന്ന അമ്മയും ഭാര്യയും. നിസ്സംഗതയോടെ പുറത്തേക്കു നോക്കിനില്‍ക്കുന്ന അച്ഛന്‍.

രഞ്ചന്‍ മുറിയിലേക്കു നടന്നു. ഫേസ്ബുക്ക്‌ ഓപ്പണ്‍ചെയ്തു. 400ല്‍പ്പരം അനുശോചന സന്ദേശം. ഉറ്റ സുഹൃത്ത്‌ വിനയന്‍ അനുശോചനക്കുറിപ്പിനൊപ്പം വരാന്‍ കഴിയാത്തതില്‍ ക്ഷമാപണവും എഴുതിയിട്ടുണ്ട്‌. ഓണ്‍ലൈനിലുള്ളവരുടെ ലിസ്റ്റില്‍ വെറുതേ പരതി.....സൌമ്യയുണ്ട്‌. പക്ഷേ, ഇപ്പോള്‍... ?

ആദ്യമായിട്ടാണ്‌ 400ല്‍പ്പരം കമണ്റ്റുകള്‍ കിട്ടുന്നത്‌.

പണ്ടൊക്കെ എഴുതിയിരുന്ന കവിതാശകലങ്ങള്‍ക്ക്‌ മൂന്നോ നാലോപേര്‍ കമണ്റ്റെഴുതിയാല്‍ തന്നെ ഏറെ സന്തോഷമായിരുന്നു. 400ല്‍പ്പരം കമണ്റ്റുകള്‍. ഇത്രയും കൂട്ടുകരുള്ളതില്‍ രഞ്ചന്‍ ഉള്ളാലെ സന്തോഷിച്ചു.

ഉമ്മറത്തുനിന്നും അച്ഛണ്റ്റെ വിളികേട്ടപ്പോഴാണ്‌ രഞ്ചന്‍ ഫേസ്ബുക്കില്‍നിന്നും ലോഗൌട്ടു ചെയ്തത്‌.

മണിക്കൂറ്‍ നാലായി. ആരെയും കാണാനില്ലല്ലോ. അച്ഛന്‍ അസ്വസ്ഥനായി.

ഇനിയെന്ത്‌ എന്നറിയാതെ സൈബര്‍ലോകത്തു മാത്രം ബന്ധങ്ങളുള്ള രഞ്ചന്‍ നിര്‍വ്വികാരതയോടെ അച്ഛണ്റ്റെ മുഖത്തേക്കു നോക്കി. അച്ഛന്‍

പോക്കറ്റ്‌ഡയറിയില്‍ നിന്നും ഏതോ നമ്പര്‍ തപ്പിയെടുത്ത്‌ ആരെയോ വിളിച്ചു.

"മുനിസിപ്പലിറ്റിയുടെ ആമ്പുലന്‍സ്‌ ഇപ്പോള്‍ വരും. വൈദ്യുതശ്മശാനത്തില്‍ കൊണ്ടുപോകാം. അല്ലാതെ ആരാണിതൊക്കെ ചെയ്യുക? സഞ്ചയിണ്റ്റെ കുട്ടികള്‍ സ്കൂളില്‍നിന്നും വരുന്നതിനു മുന്നേ തിരികെപ്പേൊകണം" അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

ഏതാണ്ട്‌ ഒരു മണിക്കൂറിനുള്ളില്‍ മുനിസിപ്പാലിറ്റിയുടെ ആമ്പുലന്‍സ്‌ വീടിനു മുന്നിലെത്തി. രഞ്ചനും അച്ഛനും കൂടി മുത്തച്ഛണ്റ്റെ ശരീരം സ്ട്രച്ചറിലേക്ക്‌ എടുത്തു കിടത്തി.

മുനിസിപ്പാലിറ്റിയുടെ വൈദ്യുതശ്മശാനത്തിലേക്ക്‌ ആമ്പുലന്‍സില്‍ പോകുമ്പോള്‍ രഞ്ചന്‍ കൊതിച്ചു, ഒരു ബ്ളാക്ക്ബെറിയുണ്ടായിരുന്നെങ്കില്‍...... ഒരുപക്ഷേ, കമണ്റ്റുകള്‍ ഇപ്പോള്‍ 500 കവിഞ്ഞു കാണും.

വൈദ്യുതശ്മശാനത്തിലെത്തി...അമ്മയുടേയും ഭാര്യയുടേയും കരച്ചിലിണ്റ്റെ ആക്കം വല്ലാതെകൂടി. മുത്തച്ഛനെ ആരൊക്കെയോചേര്‍ന്ന് വൈദ്യുതചൂളയിലേക്ക്‌ തള്ളിനീക്കി.

അച്ഛനാണ്‌ ശ്മശാനജോലിക്കാര്‍ക്കും, ആമ്പുലന്‍സിനും പൈസ കൊടുത്തത്‌. രഞ്ചന്‌ അതൊന്നും അത്ര പരിചയമില്ല.

വൈകിട്ടു മൂന്നുമണിക്കു മുന്നേ തിരിച്ചു വീട്ടിലെത്തി. കാറില്‍നിന്നുമിറങ്ങാതെ അതേ കാറില്‍ത്തന്നെ അച്ഛനും അമ്മയും അനിയണ്റ്റെ വീട്ടിലേക്കു പേൊയി. സഞ്ചയിണ്റ്റെ കുട്ടികള്‍ സ്കൂളില്‍നിന്നും എത്തുന്നതിനു മുന്നേ അവര്‍ക്കവിടെയെത്തണം. സഞ്ചയിണ്റ്റെ ഭാര്യക്ക്‌ സെക്രട്ടറിയേറ്റിലാണു ജോലി.. ആഴ്ചയിലൊരിക്കലേ വരൂ.

വീട്ടിലെത്തിയ ഉടനേ കരഞ്ഞു തളര്‍ന്ന ഭാര്യ പോയിക്കിടന്നു.

രഞ്ചന്‍ ലാപ്‌ടോപ്പിനരികിലേക്കു നടന്നു. ഫേസ്ബുക്കിലേക്ക്‌ വീണ്ടും ലോഗിന്‍ ചെയ്തു. രഞ്ചനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 700ല്‍പ്പരം കമണ്റ്റുകള്‍. ഏറെയും അനുശോചനങ്ങള്‍.

 സൌമ്യ ഓണ്‍ലൈനിലുണ്ട്‌. " Hi, I am back " സൌമ്യക്കൊരു മെസ്സേജയച്ചു.

സൌമ്യയുടെ മറുപടിക്കായി കാത്തിരിക്കുമ്പേൊള്‍ വീടിനു പുറകിലെ നെല്ലിമരത്തെക്കുറിച്ചോ, അതിനുചുവട്ടില്‍ മുത്തച്ഛനു വേണ്ടി കാത്തിരിക്കുന്ന മുത്ത്ശ്ശിയെക്കുറിച്ചോ, മുത്തച്ഛണ്റ്റെ ആഗ്രഹങ്ങളെക്കുറിച്ചേൊ ഓര്‍ക്കാന്‍ രഞ്ചനു സമയമില്ലായിരുന്നു.

Hi, Where were you ? " സൌമ്യയുടെ മറുപടി.

മുഖമില്ലാത്തവരുടെ കൂട്ടായ്മയിലേക്ക്‌ ഒഴുകിച്ചേരാന്‍ രഞ്ചന്‍ വിരലുകള്‍ ചലിപ്പിച്ചുകൊണ്ടേയിരുന്നു........ 


Picture: Yahoo

Friday, July 29, 2011

കുഞ്ഞാമിനയും കുറേ സ്വപ്നങ്ങളും

കെട്ടിപ്പെടുത്ത സ്വപ്നങ്ങളുടെ തണലിലിരുന്ന്‌ കുഞ്ഞാമിന തേങ്ങിക്കരഞ്ഞു. തൊട്ടപ്പുറത്ത്‌ മൂക്കൊലിപ്പിച്ച്‌ കുഞ്ഞാമിനയുടെ തട്ടത്തിണ്റ്റെ ചലനവും നോക്കി ഐഷു, കുഞ്ഞാമിനയുടെ മകള്‍.

തെരുവിലെ ഇത്തിരിവെട്ടത്തിലുള്ള ചെളിവെള്ളത്തില്‍ നുളക്കുന്ന മണ്ണിരകളെ നേൊക്കി ഐഷു അങ്ങോട്ടു നടന്നു. അവിടെ നിന്ന് ഐഷു ഉമ്മയെ ഒളികണ്ണിട്ടു നോക്കി. ഇളം നീലനിറമുള്ള തട്ടവും സുറുമയെഴുതാത്ത ചത്ത കണ്ണുകളും കവിളത്തു പതിഞ്ഞ നഖപ്പാടുകളും.....എന്നിട്ടും ഉമ്മ സുന്ദരി തന്നെ.

കുടിലിനു മുന്നിലെ വൃത്തികെട്ട ചെളിമണ്ണു തോണ്ടിക്കിളച്ച്‌ മണ്ണിരകളെ വലിച്ചെടുത്ത്‌ ഉസ്മാനിക്ക ചൂണ്ടലില്‍ കുരുക്കുന്നത്‌ നോക്കിനിന്നപ്പോള്‍ അറപ്പു തോന്നി.

കുഞ്ഞാമിന പതിയെ മുറ്റത്തേക്കിറങ്ങി. മുഖത്തേക്കു പാറിവീണ എണ്ണമയമില്ലാത്ത ചെമ്പന്‍ മുടിയിഴകള്‍ക്കിടയിലൂടെ കുഞ്ഞാമിന വിരലോടിച്ചു. കുറച്ചു മുന്‍പ്‌ ഏതേൊ തടിച്ച വിരലുകള്‍ ഇഴഞ്ഞു നീങ്ങിയ പാതയിലൂടെ കുഞ്ഞാമിനയുടെ വിരലുകള്‍ നിരങ്ങി നീങ്ങി. ചുണ്ടുകളില്‍നിന്നും പൊടിഞ്ഞ രക്തത്തിണ്റ്റെ ചുവ വായിലെത്തി.

കുഞ്ഞാമിനക്ക്‌ ശര്‍ദ്ദിക്കണമെന്നു തോന്നി. തലേന്നു പെയ്ത മഴവെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്ന കാനയിലേക്കു കുനിഞ്ഞിരുന്ന് കുഞ്ഞാമിന ഓക്കനിച്ചു.

അപരിചിതര്‍ വരുമ്പേൊഴുണ്ടകുന്ന അപരിചിതത്വവും ഭയവും മാറാത്ത ഐഷു ഉമ്മക്കരികിലേക്ക്‌ ഓടിയെത്തി. കുഞ്ഞാമിനക്ക്‌ ശര്‍ദ്ദിക്കാന്‍ കഴിയുന്നില്ല. അരികിലേക്കോടിയെത്തിയ മകളെ കുഞ്ഞാമിന കെട്ടിപ്പിടിച്ചു. ഉമ്മയുടെ മാറിടത്തിലെ ചൂടിണ്റ്റെ സുരക്ഷിതത്തിലേക്ക്‌ ഐഷു ചേറ്‍ന്നു നിന്നു. ഉമ്മയുടെ ഉണങ്ങിയ ചുണ്ടുകള്‍ തണ്റ്റെ കവിളില്‍ പോറല്‍ ഏല്‍പ്പിക്കുന്നത്‌ ഐഷു അറിഞ്ഞു.

ഐഷുവിനെ മാറ്റിനിര്‍ത്തി കുഞ്ഞാമിന മെല്ലെ എഴുന്നേറ്റു. കുഞ്ഞാമിന തണ്റ്റെ അടിവയറിനുള്ളിലെ ചലനത്തെ ഭയാശങ്കകളോടെ തുറിച്ചു നേൊക്കി. ശരീരത്തില്‍ മുഴുവനായി പടര്‍ന്ന നഖക്ഷതങ്ങള്‍. ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍ തണവില്‍ കുതിര്‍ന്ന ചാണകത്തിണ്ണയില്‍ വിരിച്ച പായില്‍ ഐഷു ഉണരുമോയെന്ന ഭയത്തൊടെ അസ്തിത്വം കാഴ്ചവയ്ക്കപ്പെടുമ്പോള്‍ മണ്ണെണ്ണവിളക്കിനരികിലേക്ക്‌ പറന്നടുത്ത ഈയാമ്പാറ്റകളുടെ ചിറകുകള്‍ കരിഞ്ഞുവീണു.

ഭൂതകാലത്തിലേക്കെത്തി നോക്കിയ കുഞ്ഞാമിന ഉറക്കെ കിതച്ചു. അവളുടെ മാറിടം ഉയര്‍ന്നു താണു.

ക്രമം തെറ്റിപ്പൊളിഞ്ഞ മുള്ളുവേലിപ്പടര്‍പ്പിനിടയുലൂടെ തള്ളക്കേൊഴിയും കുഞ്ഞുങ്ങളും തെരുവിലേക്കു വന്നു. ഒരു നീണ്ട മണ്ണിരയെ കൊത്തിവലിച്ച്‌ തള്ളക്കോഴി കുഞ്ഞുങ്ങളെ വിളിച്ചു. കുഞ്ഞാമിന വേവലാതിയോടെ ചുറ്റും നോക്കി. ദൂരെ ആകാശത്തില്‍ ഒരു പരുന്ത്‌ വട്ടമിട്ടു പറക്കുന്നു.

പരുന്തിണ്റ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ തള്ളക്കോഴി നിമിഷങ്ങള്‍ക്കകം കുഞ്ഞുങ്ങളെ തണ്റ്റെ ചിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു. കുഞ്ഞാമിന ഐഷുവിനെ നോക്കി. അവള്‍ വലുതായിക്കൊണ്ടിരിക്കുന്നു. അവളുടെ മുഖത്ത്‌ നഖക്ഷതങ്ങളില്ല. അവളുടെ മുടിയിഴകള്‍ക്കിടയില്‍ വിരലുകല്‍ ഇഴഞ്ഞ പാടുകളില്ല. കുഞ്ഞാമിന അവളെ വീണ്ടും കെട്ടിപ്പിടിച്ച്‌ അവളുടെ കവിളുകളില്‍ ഉമ്മവച്ചു.

ഐഷുവിന്‌ ആശ്ചര്യമായി. ഉമ്മയെന്താണിങ്ങനെ പതിവില്ലാതെ ? കുഞ്ഞാമിന മകളെയും കൂട്ടി കുടിലിനുള്ളിലേക്ക്‌ നടന്നു.

കുടിലിണ്റ്റെ വാതിലിന്‌ കുറ്റിയില്ലാത്തതിനാല്‍ കുഞ്ഞാമിന ആദ്യമായി ദു:ഖിച്ചു. പലവുരു കുറ്റിയെക്കുറിച്ച്‌ ചിന്തിച്ചതാണ്‌. പക്ഷേ, അപ്പോഴെല്ലാം വേണ്ടെന്നു വയ്ക്കാന്‍ കാരണം കുടിലിനുള്ളില്‍ അടച്ചുസൂക്ഷിക്കാന്‍ വിലപ്പെട്ടതൊന്നുമില്ല എന്നതിനാലായിരുന്നു. തണ്റ്റെ സ്ത്രീത്വം പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

പക്ഷേ, ഇന്ന് ഈ വാതിലിനു കുറ്റിയുണ്ടയിരുന്നെങ്കില്‍ ഈ അവസാന വേഴ്ചക്ക്‌ ഭയാശങ്കകള്‍ വേണ്ടായിരുന്നു.

എന്നും ചാണകത്തിണ്റ്റെയും പുകയുടെയും ഗന്ധം മാത്രം ശ്വസിച്ചു ശീലിച്ച ശവംതീനിയുറുമ്പുകള്‍ സന്തോഷിച്ചു. മാളങ്ങളില്‍നിന്നും ഉറുമ്പുകള്‍ ഓരോന്നായി പുറത്തുവന്നു. മടുപ്പിക്കുന്ന വിയര്‍പ്പിണ്റ്റെ ഗന്ധം ശ്വസിച്ച്‌ അവര്‍ ഐഷുവിണ്റ്റെയും കുഞ്ഞാമിനയുടെയും ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു.

പകല്‍ വെളിച്ചത്തിണ്റ്റെ ഭയപ്പാടില്‍ കുടിലിണ്റ്റെ കുറ്റിയിടാത്ത വാതില്‍ വലിച്ചു തുറന്ന് വേഴ്ചക്കു ശേഷമുണ്ടായ സംതൃപ്തിയോടെ മൃത്യു ആരും കാണാതെ ഓടിമറഞ്ഞു.

Pictures: Google

Friday, June 3, 2011

ജാലകം


ഇല്ല. ജാലകങ്ങള്‍ക്കപ്പുറം ഇരുളുമാത്രമാണ്‌.
ചലനം നഷ്ടപ്പെട്ട്‌ വിളറിയ കര്‍ട്ടനുമപ്പുറം ഇരുട്ട്‌ ഒളിച്ചിരിക്കുകയാണ്‌.
വണ്ടി പാര്‍ക്കുചെയ്ത്‌ പതിയെ ഇറങ്ങി.
നിരത്തിണ്റ്റെ മഞ്ഞവെളിച്ചത്തില്‍ നിന്നും മാറി തുലിപ്പ്‌ പൂക്കള്‍ നിറഞ്ഞ ഫുട്പാത്തിനപ്പുറത്തേക്ക്‌ നടന്നു.
ഇവിടെ നിന്നാല്‍ ആ ജനല്‍ ശരിക്കും കാണാം.
അവള്‍ എപ്പോള്‍ വേണമെങ്കിലും ആ കര്‍ട്ടന്‍ മാറ്റി എന്നെ തിരഞ്ഞേക്കാം. ഡണ്‍ഹില്ലിണ്റ്റെ പാക്കറ്റില്‍ നിന്നും ഒരു സിഗരറ്റ്‌ പുറത്തെടുത്തു.
പുറത്ത്‌ പതിവിലും തണുപ്പുണ്ട്‌. കൊളറാഡോയിലേക്കുള്ള ഹയ്‌വേയിലൂടെ വാഹനങ്ങള്‍ നന്നേ വേഗത്തില്‍ ചീറിപ്പായുന്നുണ്ട്‌. സമയം രാത്രി 9 കഴിഞ്ഞു.
ആ ജനലിനപ്പുറം ഇപ്പോഴും വെളിച്ചമില്ല.

സാധാരണ വെളിച്ചം നിറഞ്ഞ മുറിയുടെ കര്‍ട്ടന്‍ പാതി മാറ്റി അവള്‍ പുറത്തേക്കു നോക്കും. ഞാന്‍ എത്തിയിട്ടുണ്ടെന്നുറപ്പിക്കാന്‍. എന്നെ കണ്ടാല്‍ കര്‍ട്ടന്‍ പതിയെ മാറ്റി അവളവിടെ നില്‍ക്കും.

നിരത്തിനരികിലെ പാര്‍ക്കിംഗ്‌ ബേയില്‍നിന്ന്‌ കാണുമ്പോള്‍ എനിക്കതൊരു നിഴല്‍ മാത്രമാണ്‌. ഒരു പുഞ്ചിരി പോലും തിരിച്ചറിയാന്‍ കഴിയാത്ത വെറുമൊരു നിഴല്‍. പക്ഷേ, ആ നിഴല്‍ കാണാനാവാതെ എനിക്കുറങ്ങാനാവാതായിരിക്കുന്നു.

കുറേ നേരം അങ്ങിനെ നോക്കിനിന്നിട്ട്‌ ഒടുവില്‍ ഒരു കൈ വീശി കര്‍ട്ടനുപിന്നിലേക്കു മറയുമ്പോള്‍ ഞാനും പതിയെ വണ്ടിയെടുക്കും.

ഇന്നിപ്പോള്‍ പതിവിലും വൈകിയിരിക്കുന്നു.
അടുത്ത സിഗരറ്റും വലിച്ചുതീരാറായപ്പോഴാണ്‌ കാത്തിരിപ്പിണ്റ്റെ നിരര്‍ത്ഥകതയെക്കുരിച്ച്‌ ചിന്തിച്ചത്‌.

ഇല്ല അവള്‍ വരാതിരിക്കില്ല.
നിന്നു മടുത്തപ്പോല്‍ ആ കരിങ്കല്‍ പടികളിലിരുന്നു.

തണുപ്പില്‍ കൂമ്പി നില്‍ക്കുന്ന തുലിപ്പ്‌ പൂക്കള്‍ കാണാന്‍ ഒരു ക്ളാസിക്ക്‌ ഭംഗി. മനസ്സ്‌ വല്ലത്തൊരു റൊമാണ്റ്റിക്‌ മൂഡില്‍. മനസ്സ്‌ കുറേ പിന്നിലേക്കു പോയി....

ഫീനികസ്‌ എയര്‍പോര്‍ട്ടിലെ തിരക്കുകള്‍ക്കിടയില്‍ എണ്റ്റെ കണ്ണുകള്‍ എത്തിപ്പെട്ടത്‌ മുടി രണ്ടുവശവും പിന്നിയിട്ട്‌ ആരേയോ കാത്തിരിക്കുന്ന അവളിലാണ്‌. ഇടക്കിടെ വാച്ചിലേക്കു നോക്കുന്നതൊഴിച്ചാല്‍ അവളില്‍ ഒരു ഭാവ വ്യത്യാസവും കണ്ടില്ല.

കുറേ നേരം അവളെ നോക്കിയിരുന്നപ്പോള്‍, അവളുടെ കുട്ടിത്തം നിറഞ്ഞ നോട്ടം കണ്ടപ്പോള്‍ വല്ലാത്ത കൌതുകം തോന്നി. മനപ്പുര്‍വ്വം അടുത്തു ചെന്നു.

ഞാന്‍ സക്കറിയ. എന്താ പേര്‌ ?
എണ്റ്റെ നീട്ടിയ കൈകളിലേക്ക്‌ അവളുടെ കൈകള്‍ നീട്ടാതെ അവള്‍ പറഞ്ഞു- സൂസന്‍.
ഇവിടെ ജോലിക്ക്‌ ...??
ഞാന്‍ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്നേ അവള്‍ പറഞ്ഞു.
അതെ, സെണ്റ്റ്‌. ജോസഫ്‌ ഹോസ്പ്പിറ്റലില്‍ നേഴ്സായി.....

സംസാരം തുടരുന്നതിനു മുന്നേ രണ്ട്‌ സിസ്റ്റര്‍മാര്‍ ഞങ്ങളുടെ നേരെ വന്നു.
Are you Susan ?

Yes

ആ സിസ്റ്റര്‍മാരോടൊപ്പം അവള്‍ നടന്നു പോകുമ്പോള്‍ പുഞ്ചിരിച്ചുകൊണ്ടൊരു തിരിഞ്ഞു നോട്ടം.

ഫീനിക്സിണ്റ്റെ തിരക്കുകളിലേക്ക്‌ ഞാനും ഒഴുകിച്ചേരുമ്പോള്‍, മനസ്സില്‍ ആ പുഞ്ചിരി മായാതെ നിന്നു.

ദിവസങ്ങള്‍ കഴിയും തോറും ആ പുഞ്ചിരി വീണ്ടും വീണ്ടും കാണണമെന്നു തോന്നി.

സെണ്റ്റ്‌. ജോസഫ്‌ ഹോസ്പ്പിറ്റലില്‍ ചെന്ന്‌ അവളെ കണ്ടുപിടിച്ചത്‌ ഒരു നിഷേധിയുടെ ധാര്‍ഷ്ട്യത്തോടെയാണ്‌.

ഹോസ്പ്പിറ്റലിലെ സന്ദര്‍ശനം പതിവാക്കിയതു കൊണ്ടാവാം, അവള്‍ക്കെന്തോ പന്തികേടു തോന്നി.
വെറുമൊരു സൌഹൃദത്തിനുമപ്പുറം ഒന്നുമില്ലെന്ന്‌ കളവു പറഞ്ഞെങ്കിലും അവള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.

ഒരു പക്ഷേ എണ്റ്റെ കണ്ണുകളിലെ പ്രണയം അവളുടെ കണ്ണൂകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം.

എന്നെ അവള്‍ ഒഴിവാക്കിതുടങ്ങിയെന്ന തിരിച്ചറിവിലേക്ക്‌ എത്തിച്ചേര്‍ന്നപ്പോഴും മനസ്സില്‍ നിറയെ പ്രണയമായിരുന്നു. അരിസോണയിലെ നിരത്തില്‍ പെയ്തിറങ്ങിയ മഞ്ഞുപോലെ.

അവളും കൂട്ടുകാരികളൂം എന്നെ നന്നേ അവഗണിക്കുന്നുവെന്ന സത്യം, ആശുപത്രിയിലേക്കുള്ള സന്ദര്‍ശനം ഞാന്‍ പതിയെ ഉപേക്ഷിച്ചു. പക്ഷേ മനസ്സ്‌ അനുസരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

കുറേ ദിവസം ഇരുളു നിറഞ്ഞ എണ്റ്റെ മുറിയുടെ വാത്മീകത്തിലേക്ക്‌ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുമ്പോഴും മനസ്സ്‌ വാശി പിടിച്ചു...ദൂരെ നിന്നെങ്കിലും ഒന്നു കാണാന്‍....

ഒടുവില്‍ തേര്‍ഡ്‌ ലേന്‍ സ്ട്രീറ്റിലെ പമ്പിനു സമീപമുള്ള മൂന്നാം നിലയിലുള്ള അവളുടെ അപാര്‍ട്ട്മണ്റ്റ്‌ കണ്ടുപിടിച്ച്‌ ആ ജാലകത്തിലേക്കു കണ്ണും നട്ട്‌ വഴിയോരത്ത്‌ കാത്തുനിന്ന ഒരു സായാഹ്നത്തിലാണ്‌ കര്‍ട്ടന്‍ പതിയെ മാറ്റി അവള്‍ അവിടെ വന്നത്‌. ആ രൂപം എനിക്കു വ്യക്തമായിരുന്നില്ല. പക്ഷേ അതവളാണ്‌.

രണ്ടും കല്‍പ്പിച്ച്‌ കൈ വീശി കാണിച്ചപ്പോള്‍ അവളും പതിയെ കൈ വീശി..... മനസ്സു തുള്ളിച്ചാടി. നിരത്തുവക്കിലെ തുലിപ്പ്‌ പൂക്കളുടെ എല്ലാ വര്‍ണ്ണങ്ങളും മനസ്സിലേക്കു നിറച്ച്‌ അവിടെനിന്നും യാത്രയാകുമ്പോള്‍ കൈമോശം വന്ന എന്തോ തിരിച്ചു കിട്ടിയതുപോലെ..

അന്നു മുതല്‍ പതിവായി ഞാന്‍ അവിടെയെത്തും....ജാലകത്തിനപ്പുറത്തെ നിഴല്‍രൂപത്തെ കണ്ടും പ്രണയിച്ചും കൈ വീശിക്കണിച്ചും എണ്റ്റെ സായാഹ്നങ്ങള്‍ തുടര്‍ന്നികൊണ്ടേയിരുന്നു.

ഇന്നിപ്പോള്‍ പതിവിലും വൈകിയിരിക്കുന്നു. ആ ജാലകത്തിനുമപ്പുറം ഇരുട്ട്‌ ഒളിച്ചിരിക്കുകയാണ്‌.

ഏറെ അസ്വസ്ഥതയോടെ അവിടെനിന്നും തിരിച്ചു പോകുമ്പോള്‍ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ മുന്നില്‍.

രാത്രി ഉറക്കം വന്നില്ല... മനസ്സു നിറയെ ചോദ്യങ്ങള്‍. ഉത്തരം കിട്ടാതെ ഭ്രാന്തിളകി കുഴഞ്ഞുമറിയുന്ന കുറേ ചോദ്യങ്ങള്‍.

പിറ്റേ ദിവസം ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങി. രാത്രിയിലെന്നെ ഉറക്കാതെ വലച്ച കുറേ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തണമെന്ന വാശിയായിരുന്നു മനസ്സില്‍.

വണ്ടി പാര്‍ക്കു ചെയ്തിട്ട്‌ പതിയെ മൂന്നാം നിലയിലേക്കു നടന്നു. റോഡിനഭിമുഖമായ അപാര്‍ട്ട്മെണ്റ്റിനു മുന്നിലെത്തി.
ഒരു നിമിഷം ശങ്കിച്ചു നിന്നു. ജാലകത്തിനപ്പുറം അവളാണെന്ന കുറേ മിഥ്യാഭ്രമങ്ങള്‍ക്കപ്പുറം ഒന്നുമറിയില്ല.

കാളിംഗ്‌ ബെല്ലടിച്ചു.

അകത്ത്‌ എന്തൊക്കെയോ അനങ്ങുന്ന ശബ്ദം. വിറക്കുന്ന
കൈകളുള്ള ഒരു വൃദ്ധ വാതില്‍ തുറന്നു.

Can I see Ms. Susan ?

വൃദ്ധ അല്‍പനേരം എന്നെ സൂക്ഷിച്ചു നോക്കിയിട്ട്‌ അകത്തേക്കുനോക്കി വിളിച്ചു.. "ഫ്രെഡ്ഡീ"

ഉറക്കച്ചടവോടെ ഒരു ചെറുപ്പക്കാരന്‍ വാതില്‍ക്കലെത്തി.

Can I see Ms. Susan ? ഞാന്‍ എണ്റ്റെ ചോദ്യം ആവര്‍ത്തിച്ചു.

We don't have a Susan hereh ?

അവിടെ അവരല്ലാതെ മറ്റാരും ഇല്ലെന്ന്‌ ആവര്‍ത്തിച്ചുറപ്പിച്ച്‌ തിരികെ നടക്കുമ്പോള്‍ മനസ്സിലെ ചോദ്യങ്ങളുടെ എണ്ണം ഏറി.

സെണ്റ്റ്‌ ജോസഫ്‌ ഹോസ്പ്പിറ്റലിലെ നേഴ്സായ സൂസനാണ്‌ അവിടെ താമസിക്കുന്നതെന്നു പറഞ്ഞ്‌ എണ്റ്റെ കൈയില്‍ നിന്നും രണ്ടു ഡോളറു വാങ്ങിയ സിക്കുകാരനായ വാച്ച്മാനെ ഞാന്‍ അവിടെയൊക്കെ തേടി...

വീണ്ടും നടന്ന്‌ പതിവു വഴിയോരത്തെത്തി.

പുറംവെളിച്ചം കടക്കാതെ ജാലകത്തിനപ്പുറം ഇപ്പോഴും ഇരുട്ടാണ്‌....

ഒരു സിഗരറ്റും പുകച്ച്‌ ആ കരിങ്കല്‍ പടികളിലിരുന്നു...

സിരകളിലേക്കു നിറയുന്ന പുകച്ചുരുളുകളിലൂടെ ഞാന്‍ ആ ജാലകത്തിനപ്പുറം
വെളിച്ചം തേടിക്കൊണ്ടേയിരുന്നു......

Friday, April 29, 2011

മഴത്തുള്ളികള്‍
ചാറ്റല്‍മഴയില്‍ കുതിര്‍ന്ന ഒരു പകലില്‍ ജാലകപ്പഴുതിലൂടെ പുറത്തേക്കു നോക്കി എന്റെ കനവുകളുടെ മധുരത്തിലൂടെ യാത്രചെയ്യുമ്പോള്‍ ഞാന്‍ പിന്നില്‍ കേട്ടത്‌ വളകിലുക്കവും കുറേ കിതപ്പുകളും.
ഞാന്‍ തിരിഞ്ഞു നോക്കിഅവളാണ്‌.
എന്തേ കിതക്കുന്നത്‌. ഞാന്‍ ചോദിച്ചു.
ഓടിയാ വന്നത്‌.മഴ ചാറിത്തുടങ്ങി.
അവളുടെ പട്ടുപാവാടയില്‍ ചാറ്റല്‍മഴയുടെ നനവിന്റെ പൊട്ടുകള്‍.
കുറേ നനഞ്ഞുവോ? ഇല്ല! ഞാന്‍ ഓടിപ്പോന്നു.
തോര്‍ത്തിക്കോളൂ.. പനി വരും.
വേണ്ട.
നിന്റെ ചുരുളന്‍ മുടി നിറയെ മഴത്തുള്ളികളാണ്‌.
അവള്‍ കൗതുകത്തോടെ ചിരിച്ചു.
ഞാന്‍ അവളെ അരികിലേക്കു വിളിച്ചിട്ടു ചോദിച്ചു.എനിക്കു തരുമോ കുറച്ചു മഴത്തുള്ളികള്‍.
എന്തിനാ.....?
സൂക്ഷിച്ചു വയ്ക്കാന്‍.... എന്റെ സ്പ്ഫടിക കുപ്പിയിലാക്കി എന്നന്നേക്കുമായി സൂക്ഷിച്ചു വയ്ക്കാന്‍.
ഉടയ്ക്കാതെ എടുക്കാന്‍ പറ്റുമോ ?
നോക്കട്ടെ.
ഞാന്‍ പതിയെ അവളുടെ മുടിയിഴകളില്‍ പറ്റിയിരുന്ന മഴത്തുള്ളികളോരോന്ന്‌ എന്റെ സ്ഫടിക കുപ്പിയിലേക്ക്‌ പകര്‍ന്നെടുത്തു.
സ്ഫടികകുപ്പിക്കു വശങ്ങളിലൂടെ അവ്യക്തമായി താഴേക്കിറങ്ങിയ മഴത്തുള്ളികളെ നോക്കി അവള്‍ ചോദിച്ചു, എല്ലാം ഉടഞ്ഞു പോയല്ലോ!
എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല!
അമ്മ വിളിക്കും ഞാന്‍ പോകട്ടെ.
അവള്‍ എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ തിരിഞ്ഞു നടന്നു.

ജാലകത്തിലൂടെ ഞാന്‍ വീണ്ടും പുറത്തേക്കു നോക്കുമ്പോള്‍ ശകതിയാര്‍ജ്ജിച്ച മഴയിലൂടെ പാവാടത്തുമ്പും പൊക്കിപ്പിടിച്ച്‌ അവള്‍ ഓടി മറയുന്നുണ്ടായിരുന്നു.

ഞാന്‍ എന്റെ സ്ഫടിക കുപ്പി തുറന്നു വച്ചു.
അതിനകത്തെ മഴത്തുള്ളികള്‍ ബാഷ്പീകരിക്കട്ടെ.

Friday, March 4, 2011

പക്ഷേ, വണ്ടി ഒരുപാടു ദൂരേക്കു പോയിരുന്നു.........

എനിക്കു മുന്നിലേക്കു വലിച്ചെറിയപ്പെട്ടഈ മഴയുടെ ആരവത്തിലേക്ക്‌ നീ വരുമെന്നു കരുതി ഞാന്‍ കാത്തു നിന്നു.
ചരിഞ്ഞു പെയ്യുന്ന മഴത്തുള്ളികള്‍ക്കപ്പുറം തണുത്ത കാറ്റു വീശുന്നുണ്ടയിരുന്നു.
മഴത്തുള്ളികള്‍ക്കെതിരെ കുട പിടിച്ച്‌ എണ്റ്റെ കാത്തിരുപ്പിലേക്കു കടന്നു വരുമ്പോള്‍ നീ പാതിയും നനഞ്ഞിരുന്നു.
പാളി നോക്കിയ ഒരു നോട്ടം ആരും കണ്ടില്ലേന്നു നടിച്ച്‌ നീ പതിവിലും വൈകിയ വണ്ടിക്കായി കാത്തുനില്‍ക്കുമ്പോള്‍, നീ എറിഞ്ഞു തന്ന നോട്ടത്തിണ്റ്റെ പുറന്തോടു പൊട്ടിച്ചു പുറxത്തായ പ്രണയാര്‍ദ്രമായ ഒരു ഭാവം ഞാന്‍ എന്നിലൊളിപ്പിച്ചത്‌ പെട്ടെന്നായിരുന്നു.
വണ്ടി ഒരു പക്ഷേ ഇനിയും വൈകിയേക്കാം.
അബദ്ധത്തില്‍ പോലും എന്നെ നോക്കതിരിക്കാന്‍ നീ വല്ലാതെ ശ്രമിക്കുന്നുണ്ടെന്നിക്കു തോന്നി. പുതുമഴത്തുള്ളികള്‍ക്കൊപ്പം വീണുകിട്ടിയ ആലിപ്പഴം കൈവെള്ളയില്‍ സൂക്ഷിക്കുന്ന കൌതുകതോടെ നീ എന്നിലേക്കെറിഞ്ഞു തന്ന നോട്ടത്തിണ്റ്റെ ചൂരു പോകാതെഞാന്‍ അതെണ്റ്റെ നെഞ്ചിണ്റ്റെ ചൂടിലൊളിപ്പിച്ചു.

എങ്ങി നെയാണതു പറയുക ... ?
എങ്ങി നെയാണവളതു സ്വീകരിക്കുക..... ?

ആശങ്കകളില്‍ കുഴഞ്ഞ ആലോചനകളിലൂടെ ഞാന്‍ വീണ്ടും മഴയെ നോക്കി കൊതിച്ചു,
വണ്ടി ഇനിയും വൈകിയിരുന്നെങ്കില്‍.

നനഞ്ഞ മഴയിലും വരണ്ട ചുണ്ടിനെ നാവുകൊണ്ടു നനച്ച്‌ ഞാന്‍ തയ്യറെടുക്കുമ്പോഴേക്കും അങ്ങു ദൂരെ നിന്നാ പഴയ വണ്ടി വരുന്നതു കണ്ടു.
മഴത്തുള്ളികള്‍ക്കൊപ്പം അടര്‍ന്നു വീഴുന്ന നിമിഷങ്ങെളെ പിടിച്ചു നിര്‍ത്താന്‍ ആയിരം കൈകളുണ്ടെങ്കിലെന്നു കൊതിച്ചപ്പോഴേക്കും
ഒരുപാടു കിതപ്പുകളോടെ ആ വണ്ടി അരികിലെത്തി.

ഒന്നു തിരിഞ്ഞു പോലും നോക്കതെ പാതി നനഞ്ഞ പട്ടുപാവാട ചെറുതായുയര്‍ത്തി അവളാ വണ്ടിയുടെ ഇരുട്ടിലേക്കു കയറുമ്പോള്‍
നനഞ്ഞു കിലുക്കം നഷ്ടപ്പെട്ട സ്വര്‍ണ്ണ പാദസ്സരത്തില്‍ കണ്ണുടക്കി.

വീണ്ടും കിതച്ചുകൊണ്ട്‌ ആ വണ്ടി അകലേക്കു പോകുമ്പോള്‍ പോളിത്തീന്‍ കവറില്‍ നനയാതെ പൊതിഞ്ഞു പിടിച്ച ഒരു ചുവന്ന റോസാപ്പൂ ഞാന്‍ പുറത്തെടുത്തു.
ഒപ്പം, വാലെണ്റ്റയിന്‍ ആശംസകളെഴുതിയ മഴ നനഞ്ഞു മഷി പടര്‍ന്നഒരു ചെറിയ കാര്‍ഡും.....

പക്ഷേ, വണ്ടി ഒരുപാടു ദൂരേക്കു പോയിരുന്നു.........