Friday, June 3, 2011

ജാലകം


ഇല്ല. ജാലകങ്ങള്‍ക്കപ്പുറം ഇരുളുമാത്രമാണ്‌.
ചലനം നഷ്ടപ്പെട്ട്‌ വിളറിയ കര്‍ട്ടനുമപ്പുറം ഇരുട്ട്‌ ഒളിച്ചിരിക്കുകയാണ്‌.
വണ്ടി പാര്‍ക്കുചെയ്ത്‌ പതിയെ ഇറങ്ങി.
നിരത്തിണ്റ്റെ മഞ്ഞവെളിച്ചത്തില്‍ നിന്നും മാറി തുലിപ്പ്‌ പൂക്കള്‍ നിറഞ്ഞ ഫുട്പാത്തിനപ്പുറത്തേക്ക്‌ നടന്നു.
ഇവിടെ നിന്നാല്‍ ആ ജനല്‍ ശരിക്കും കാണാം.
അവള്‍ എപ്പോള്‍ വേണമെങ്കിലും ആ കര്‍ട്ടന്‍ മാറ്റി എന്നെ തിരഞ്ഞേക്കാം. ഡണ്‍ഹില്ലിണ്റ്റെ പാക്കറ്റില്‍ നിന്നും ഒരു സിഗരറ്റ്‌ പുറത്തെടുത്തു.
പുറത്ത്‌ പതിവിലും തണുപ്പുണ്ട്‌. കൊളറാഡോയിലേക്കുള്ള ഹയ്‌വേയിലൂടെ വാഹനങ്ങള്‍ നന്നേ വേഗത്തില്‍ ചീറിപ്പായുന്നുണ്ട്‌. സമയം രാത്രി 9 കഴിഞ്ഞു.
ആ ജനലിനപ്പുറം ഇപ്പോഴും വെളിച്ചമില്ല.

സാധാരണ വെളിച്ചം നിറഞ്ഞ മുറിയുടെ കര്‍ട്ടന്‍ പാതി മാറ്റി അവള്‍ പുറത്തേക്കു നോക്കും. ഞാന്‍ എത്തിയിട്ടുണ്ടെന്നുറപ്പിക്കാന്‍. എന്നെ കണ്ടാല്‍ കര്‍ട്ടന്‍ പതിയെ മാറ്റി അവളവിടെ നില്‍ക്കും.

നിരത്തിനരികിലെ പാര്‍ക്കിംഗ്‌ ബേയില്‍നിന്ന്‌ കാണുമ്പോള്‍ എനിക്കതൊരു നിഴല്‍ മാത്രമാണ്‌. ഒരു പുഞ്ചിരി പോലും തിരിച്ചറിയാന്‍ കഴിയാത്ത വെറുമൊരു നിഴല്‍. പക്ഷേ, ആ നിഴല്‍ കാണാനാവാതെ എനിക്കുറങ്ങാനാവാതായിരിക്കുന്നു.

കുറേ നേരം അങ്ങിനെ നോക്കിനിന്നിട്ട്‌ ഒടുവില്‍ ഒരു കൈ വീശി കര്‍ട്ടനുപിന്നിലേക്കു മറയുമ്പോള്‍ ഞാനും പതിയെ വണ്ടിയെടുക്കും.

ഇന്നിപ്പോള്‍ പതിവിലും വൈകിയിരിക്കുന്നു.
അടുത്ത സിഗരറ്റും വലിച്ചുതീരാറായപ്പോഴാണ്‌ കാത്തിരിപ്പിണ്റ്റെ നിരര്‍ത്ഥകതയെക്കുരിച്ച്‌ ചിന്തിച്ചത്‌.

ഇല്ല അവള്‍ വരാതിരിക്കില്ല.
നിന്നു മടുത്തപ്പോല്‍ ആ കരിങ്കല്‍ പടികളിലിരുന്നു.

തണുപ്പില്‍ കൂമ്പി നില്‍ക്കുന്ന തുലിപ്പ്‌ പൂക്കള്‍ കാണാന്‍ ഒരു ക്ളാസിക്ക്‌ ഭംഗി. മനസ്സ്‌ വല്ലത്തൊരു റൊമാണ്റ്റിക്‌ മൂഡില്‍. മനസ്സ്‌ കുറേ പിന്നിലേക്കു പോയി....

ഫീനികസ്‌ എയര്‍പോര്‍ട്ടിലെ തിരക്കുകള്‍ക്കിടയില്‍ എണ്റ്റെ കണ്ണുകള്‍ എത്തിപ്പെട്ടത്‌ മുടി രണ്ടുവശവും പിന്നിയിട്ട്‌ ആരേയോ കാത്തിരിക്കുന്ന അവളിലാണ്‌. ഇടക്കിടെ വാച്ചിലേക്കു നോക്കുന്നതൊഴിച്ചാല്‍ അവളില്‍ ഒരു ഭാവ വ്യത്യാസവും കണ്ടില്ല.

കുറേ നേരം അവളെ നോക്കിയിരുന്നപ്പോള്‍, അവളുടെ കുട്ടിത്തം നിറഞ്ഞ നോട്ടം കണ്ടപ്പോള്‍ വല്ലാത്ത കൌതുകം തോന്നി. മനപ്പുര്‍വ്വം അടുത്തു ചെന്നു.

ഞാന്‍ സക്കറിയ. എന്താ പേര്‌ ?
എണ്റ്റെ നീട്ടിയ കൈകളിലേക്ക്‌ അവളുടെ കൈകള്‍ നീട്ടാതെ അവള്‍ പറഞ്ഞു- സൂസന്‍.
ഇവിടെ ജോലിക്ക്‌ ...??
ഞാന്‍ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്നേ അവള്‍ പറഞ്ഞു.
അതെ, സെണ്റ്റ്‌. ജോസഫ്‌ ഹോസ്പ്പിറ്റലില്‍ നേഴ്സായി.....

സംസാരം തുടരുന്നതിനു മുന്നേ രണ്ട്‌ സിസ്റ്റര്‍മാര്‍ ഞങ്ങളുടെ നേരെ വന്നു.
Are you Susan ?

Yes

ആ സിസ്റ്റര്‍മാരോടൊപ്പം അവള്‍ നടന്നു പോകുമ്പോള്‍ പുഞ്ചിരിച്ചുകൊണ്ടൊരു തിരിഞ്ഞു നോട്ടം.

ഫീനിക്സിണ്റ്റെ തിരക്കുകളിലേക്ക്‌ ഞാനും ഒഴുകിച്ചേരുമ്പോള്‍, മനസ്സില്‍ ആ പുഞ്ചിരി മായാതെ നിന്നു.

ദിവസങ്ങള്‍ കഴിയും തോറും ആ പുഞ്ചിരി വീണ്ടും വീണ്ടും കാണണമെന്നു തോന്നി.

സെണ്റ്റ്‌. ജോസഫ്‌ ഹോസ്പ്പിറ്റലില്‍ ചെന്ന്‌ അവളെ കണ്ടുപിടിച്ചത്‌ ഒരു നിഷേധിയുടെ ധാര്‍ഷ്ട്യത്തോടെയാണ്‌.

ഹോസ്പ്പിറ്റലിലെ സന്ദര്‍ശനം പതിവാക്കിയതു കൊണ്ടാവാം, അവള്‍ക്കെന്തോ പന്തികേടു തോന്നി.
വെറുമൊരു സൌഹൃദത്തിനുമപ്പുറം ഒന്നുമില്ലെന്ന്‌ കളവു പറഞ്ഞെങ്കിലും അവള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.

ഒരു പക്ഷേ എണ്റ്റെ കണ്ണുകളിലെ പ്രണയം അവളുടെ കണ്ണൂകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം.

എന്നെ അവള്‍ ഒഴിവാക്കിതുടങ്ങിയെന്ന തിരിച്ചറിവിലേക്ക്‌ എത്തിച്ചേര്‍ന്നപ്പോഴും മനസ്സില്‍ നിറയെ പ്രണയമായിരുന്നു. അരിസോണയിലെ നിരത്തില്‍ പെയ്തിറങ്ങിയ മഞ്ഞുപോലെ.

അവളും കൂട്ടുകാരികളൂം എന്നെ നന്നേ അവഗണിക്കുന്നുവെന്ന സത്യം, ആശുപത്രിയിലേക്കുള്ള സന്ദര്‍ശനം ഞാന്‍ പതിയെ ഉപേക്ഷിച്ചു. പക്ഷേ മനസ്സ്‌ അനുസരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

കുറേ ദിവസം ഇരുളു നിറഞ്ഞ എണ്റ്റെ മുറിയുടെ വാത്മീകത്തിലേക്ക്‌ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുമ്പോഴും മനസ്സ്‌ വാശി പിടിച്ചു...ദൂരെ നിന്നെങ്കിലും ഒന്നു കാണാന്‍....

ഒടുവില്‍ തേര്‍ഡ്‌ ലേന്‍ സ്ട്രീറ്റിലെ പമ്പിനു സമീപമുള്ള മൂന്നാം നിലയിലുള്ള അവളുടെ അപാര്‍ട്ട്മണ്റ്റ്‌ കണ്ടുപിടിച്ച്‌ ആ ജാലകത്തിലേക്കു കണ്ണും നട്ട്‌ വഴിയോരത്ത്‌ കാത്തുനിന്ന ഒരു സായാഹ്നത്തിലാണ്‌ കര്‍ട്ടന്‍ പതിയെ മാറ്റി അവള്‍ അവിടെ വന്നത്‌. ആ രൂപം എനിക്കു വ്യക്തമായിരുന്നില്ല. പക്ഷേ അതവളാണ്‌.

രണ്ടും കല്‍പ്പിച്ച്‌ കൈ വീശി കാണിച്ചപ്പോള്‍ അവളും പതിയെ കൈ വീശി..... മനസ്സു തുള്ളിച്ചാടി. നിരത്തുവക്കിലെ തുലിപ്പ്‌ പൂക്കളുടെ എല്ലാ വര്‍ണ്ണങ്ങളും മനസ്സിലേക്കു നിറച്ച്‌ അവിടെനിന്നും യാത്രയാകുമ്പോള്‍ കൈമോശം വന്ന എന്തോ തിരിച്ചു കിട്ടിയതുപോലെ..

അന്നു മുതല്‍ പതിവായി ഞാന്‍ അവിടെയെത്തും....ജാലകത്തിനപ്പുറത്തെ നിഴല്‍രൂപത്തെ കണ്ടും പ്രണയിച്ചും കൈ വീശിക്കണിച്ചും എണ്റ്റെ സായാഹ്നങ്ങള്‍ തുടര്‍ന്നികൊണ്ടേയിരുന്നു.

ഇന്നിപ്പോള്‍ പതിവിലും വൈകിയിരിക്കുന്നു. ആ ജാലകത്തിനുമപ്പുറം ഇരുട്ട്‌ ഒളിച്ചിരിക്കുകയാണ്‌.

ഏറെ അസ്വസ്ഥതയോടെ അവിടെനിന്നും തിരിച്ചു പോകുമ്പോള്‍ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ മുന്നില്‍.

രാത്രി ഉറക്കം വന്നില്ല... മനസ്സു നിറയെ ചോദ്യങ്ങള്‍. ഉത്തരം കിട്ടാതെ ഭ്രാന്തിളകി കുഴഞ്ഞുമറിയുന്ന കുറേ ചോദ്യങ്ങള്‍.

പിറ്റേ ദിവസം ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങി. രാത്രിയിലെന്നെ ഉറക്കാതെ വലച്ച കുറേ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തണമെന്ന വാശിയായിരുന്നു മനസ്സില്‍.

വണ്ടി പാര്‍ക്കു ചെയ്തിട്ട്‌ പതിയെ മൂന്നാം നിലയിലേക്കു നടന്നു. റോഡിനഭിമുഖമായ അപാര്‍ട്ട്മെണ്റ്റിനു മുന്നിലെത്തി.
ഒരു നിമിഷം ശങ്കിച്ചു നിന്നു. ജാലകത്തിനപ്പുറം അവളാണെന്ന കുറേ മിഥ്യാഭ്രമങ്ങള്‍ക്കപ്പുറം ഒന്നുമറിയില്ല.

കാളിംഗ്‌ ബെല്ലടിച്ചു.

അകത്ത്‌ എന്തൊക്കെയോ അനങ്ങുന്ന ശബ്ദം. വിറക്കുന്ന
കൈകളുള്ള ഒരു വൃദ്ധ വാതില്‍ തുറന്നു.

Can I see Ms. Susan ?

വൃദ്ധ അല്‍പനേരം എന്നെ സൂക്ഷിച്ചു നോക്കിയിട്ട്‌ അകത്തേക്കുനോക്കി വിളിച്ചു.. "ഫ്രെഡ്ഡീ"

ഉറക്കച്ചടവോടെ ഒരു ചെറുപ്പക്കാരന്‍ വാതില്‍ക്കലെത്തി.

Can I see Ms. Susan ? ഞാന്‍ എണ്റ്റെ ചോദ്യം ആവര്‍ത്തിച്ചു.

We don't have a Susan hereh ?

അവിടെ അവരല്ലാതെ മറ്റാരും ഇല്ലെന്ന്‌ ആവര്‍ത്തിച്ചുറപ്പിച്ച്‌ തിരികെ നടക്കുമ്പോള്‍ മനസ്സിലെ ചോദ്യങ്ങളുടെ എണ്ണം ഏറി.

സെണ്റ്റ്‌ ജോസഫ്‌ ഹോസ്പ്പിറ്റലിലെ നേഴ്സായ സൂസനാണ്‌ അവിടെ താമസിക്കുന്നതെന്നു പറഞ്ഞ്‌ എണ്റ്റെ കൈയില്‍ നിന്നും രണ്ടു ഡോളറു വാങ്ങിയ സിക്കുകാരനായ വാച്ച്മാനെ ഞാന്‍ അവിടെയൊക്കെ തേടി...

വീണ്ടും നടന്ന്‌ പതിവു വഴിയോരത്തെത്തി.

പുറംവെളിച്ചം കടക്കാതെ ജാലകത്തിനപ്പുറം ഇപ്പോഴും ഇരുട്ടാണ്‌....

ഒരു സിഗരറ്റും പുകച്ച്‌ ആ കരിങ്കല്‍ പടികളിലിരുന്നു...

സിരകളിലേക്കു നിറയുന്ന പുകച്ചുരുളുകളിലൂടെ ഞാന്‍ ആ ജാലകത്തിനപ്പുറം
വെളിച്ചം തേടിക്കൊണ്ടേയിരുന്നു......