Friday, April 29, 2011

മഴത്തുള്ളികള്‍








ചാറ്റല്‍മഴയില്‍ കുതിര്‍ന്ന ഒരു പകലില്‍ ജാലകപ്പഴുതിലൂടെ പുറത്തേക്കു നോക്കി എന്റെ കനവുകളുടെ മധുരത്തിലൂടെ യാത്രചെയ്യുമ്പോള്‍ ഞാന്‍ പിന്നില്‍ കേട്ടത്‌ വളകിലുക്കവും കുറേ കിതപ്പുകളും.
ഞാന്‍ തിരിഞ്ഞു നോക്കിഅവളാണ്‌.
എന്തേ കിതക്കുന്നത്‌. ഞാന്‍ ചോദിച്ചു.
ഓടിയാ വന്നത്‌.മഴ ചാറിത്തുടങ്ങി.
അവളുടെ പട്ടുപാവാടയില്‍ ചാറ്റല്‍മഴയുടെ നനവിന്റെ പൊട്ടുകള്‍.
കുറേ നനഞ്ഞുവോ? ഇല്ല! ഞാന്‍ ഓടിപ്പോന്നു.
തോര്‍ത്തിക്കോളൂ.. പനി വരും.
വേണ്ട.
നിന്റെ ചുരുളന്‍ മുടി നിറയെ മഴത്തുള്ളികളാണ്‌.
അവള്‍ കൗതുകത്തോടെ ചിരിച്ചു.
ഞാന്‍ അവളെ അരികിലേക്കു വിളിച്ചിട്ടു ചോദിച്ചു.എനിക്കു തരുമോ കുറച്ചു മഴത്തുള്ളികള്‍.
എന്തിനാ.....?
സൂക്ഷിച്ചു വയ്ക്കാന്‍.... എന്റെ സ്പ്ഫടിക കുപ്പിയിലാക്കി എന്നന്നേക്കുമായി സൂക്ഷിച്ചു വയ്ക്കാന്‍.
ഉടയ്ക്കാതെ എടുക്കാന്‍ പറ്റുമോ ?
നോക്കട്ടെ.
ഞാന്‍ പതിയെ അവളുടെ മുടിയിഴകളില്‍ പറ്റിയിരുന്ന മഴത്തുള്ളികളോരോന്ന്‌ എന്റെ സ്ഫടിക കുപ്പിയിലേക്ക്‌ പകര്‍ന്നെടുത്തു.
സ്ഫടികകുപ്പിക്കു വശങ്ങളിലൂടെ അവ്യക്തമായി താഴേക്കിറങ്ങിയ മഴത്തുള്ളികളെ നോക്കി അവള്‍ ചോദിച്ചു, എല്ലാം ഉടഞ്ഞു പോയല്ലോ!
എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല!
അമ്മ വിളിക്കും ഞാന്‍ പോകട്ടെ.
അവള്‍ എന്റെ മറുപടിക്കു കാത്തു നില്‍ക്കാതെ തിരിഞ്ഞു നടന്നു.

ജാലകത്തിലൂടെ ഞാന്‍ വീണ്ടും പുറത്തേക്കു നോക്കുമ്പോള്‍ ശകതിയാര്‍ജ്ജിച്ച മഴയിലൂടെ പാവാടത്തുമ്പും പൊക്കിപ്പിടിച്ച്‌ അവള്‍ ഓടി മറയുന്നുണ്ടായിരുന്നു.

ഞാന്‍ എന്റെ സ്ഫടിക കുപ്പി തുറന്നു വച്ചു.
അതിനകത്തെ മഴത്തുള്ളികള്‍ ബാഷ്പീകരിക്കട്ടെ.

2 comments:

ഒറ്റയാന്‍ said...

ജാലകവും, മഴയും, പിന്നെ കുറേ ഭ്രാന്തുകളും....ആ സ്ഫടിക കുപ്പികളില്‍ ഒരിക്കലും മഴത്തുള്ളി നനവു പടര്‍ന്നിട്ടില്ല....

jiya | ജിയാസു. said...

വായിച്ചു.. :)