Friday, July 29, 2011

കുഞ്ഞാമിനയും കുറേ സ്വപ്നങ്ങളും

കെട്ടിപ്പെടുത്ത സ്വപ്നങ്ങളുടെ തണലിലിരുന്ന്‌ കുഞ്ഞാമിന തേങ്ങിക്കരഞ്ഞു. തൊട്ടപ്പുറത്ത്‌ മൂക്കൊലിപ്പിച്ച്‌ കുഞ്ഞാമിനയുടെ തട്ടത്തിണ്റ്റെ ചലനവും നോക്കി ഐഷു, കുഞ്ഞാമിനയുടെ മകള്‍.

തെരുവിലെ ഇത്തിരിവെട്ടത്തിലുള്ള ചെളിവെള്ളത്തില്‍ നുളക്കുന്ന മണ്ണിരകളെ നേൊക്കി ഐഷു അങ്ങോട്ടു നടന്നു. അവിടെ നിന്ന് ഐഷു ഉമ്മയെ ഒളികണ്ണിട്ടു നോക്കി. ഇളം നീലനിറമുള്ള തട്ടവും സുറുമയെഴുതാത്ത ചത്ത കണ്ണുകളും കവിളത്തു പതിഞ്ഞ നഖപ്പാടുകളും.....എന്നിട്ടും ഉമ്മ സുന്ദരി തന്നെ.

കുടിലിനു മുന്നിലെ വൃത്തികെട്ട ചെളിമണ്ണു തോണ്ടിക്കിളച്ച്‌ മണ്ണിരകളെ വലിച്ചെടുത്ത്‌ ഉസ്മാനിക്ക ചൂണ്ടലില്‍ കുരുക്കുന്നത്‌ നോക്കിനിന്നപ്പോള്‍ അറപ്പു തോന്നി.

കുഞ്ഞാമിന പതിയെ മുറ്റത്തേക്കിറങ്ങി. മുഖത്തേക്കു പാറിവീണ എണ്ണമയമില്ലാത്ത ചെമ്പന്‍ മുടിയിഴകള്‍ക്കിടയിലൂടെ കുഞ്ഞാമിന വിരലോടിച്ചു. കുറച്ചു മുന്‍പ്‌ ഏതേൊ തടിച്ച വിരലുകള്‍ ഇഴഞ്ഞു നീങ്ങിയ പാതയിലൂടെ കുഞ്ഞാമിനയുടെ വിരലുകള്‍ നിരങ്ങി നീങ്ങി. ചുണ്ടുകളില്‍നിന്നും പൊടിഞ്ഞ രക്തത്തിണ്റ്റെ ചുവ വായിലെത്തി.

കുഞ്ഞാമിനക്ക്‌ ശര്‍ദ്ദിക്കണമെന്നു തോന്നി. തലേന്നു പെയ്ത മഴവെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്ന കാനയിലേക്കു കുനിഞ്ഞിരുന്ന് കുഞ്ഞാമിന ഓക്കനിച്ചു.

അപരിചിതര്‍ വരുമ്പേൊഴുണ്ടകുന്ന അപരിചിതത്വവും ഭയവും മാറാത്ത ഐഷു ഉമ്മക്കരികിലേക്ക്‌ ഓടിയെത്തി. കുഞ്ഞാമിനക്ക്‌ ശര്‍ദ്ദിക്കാന്‍ കഴിയുന്നില്ല. അരികിലേക്കോടിയെത്തിയ മകളെ കുഞ്ഞാമിന കെട്ടിപ്പിടിച്ചു. ഉമ്മയുടെ മാറിടത്തിലെ ചൂടിണ്റ്റെ സുരക്ഷിതത്തിലേക്ക്‌ ഐഷു ചേറ്‍ന്നു നിന്നു. ഉമ്മയുടെ ഉണങ്ങിയ ചുണ്ടുകള്‍ തണ്റ്റെ കവിളില്‍ പോറല്‍ ഏല്‍പ്പിക്കുന്നത്‌ ഐഷു അറിഞ്ഞു.

ഐഷുവിനെ മാറ്റിനിര്‍ത്തി കുഞ്ഞാമിന മെല്ലെ എഴുന്നേറ്റു. കുഞ്ഞാമിന തണ്റ്റെ അടിവയറിനുള്ളിലെ ചലനത്തെ ഭയാശങ്കകളോടെ തുറിച്ചു നേൊക്കി. ശരീരത്തില്‍ മുഴുവനായി പടര്‍ന്ന നഖക്ഷതങ്ങള്‍. ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍ തണവില്‍ കുതിര്‍ന്ന ചാണകത്തിണ്ണയില്‍ വിരിച്ച പായില്‍ ഐഷു ഉണരുമോയെന്ന ഭയത്തൊടെ അസ്തിത്വം കാഴ്ചവയ്ക്കപ്പെടുമ്പോള്‍ മണ്ണെണ്ണവിളക്കിനരികിലേക്ക്‌ പറന്നടുത്ത ഈയാമ്പാറ്റകളുടെ ചിറകുകള്‍ കരിഞ്ഞുവീണു.

ഭൂതകാലത്തിലേക്കെത്തി നോക്കിയ കുഞ്ഞാമിന ഉറക്കെ കിതച്ചു. അവളുടെ മാറിടം ഉയര്‍ന്നു താണു.

ക്രമം തെറ്റിപ്പൊളിഞ്ഞ മുള്ളുവേലിപ്പടര്‍പ്പിനിടയുലൂടെ തള്ളക്കേൊഴിയും കുഞ്ഞുങ്ങളും തെരുവിലേക്കു വന്നു. ഒരു നീണ്ട മണ്ണിരയെ കൊത്തിവലിച്ച്‌ തള്ളക്കോഴി കുഞ്ഞുങ്ങളെ വിളിച്ചു. കുഞ്ഞാമിന വേവലാതിയോടെ ചുറ്റും നോക്കി. ദൂരെ ആകാശത്തില്‍ ഒരു പരുന്ത്‌ വട്ടമിട്ടു പറക്കുന്നു.

പരുന്തിണ്റ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ തള്ളക്കോഴി നിമിഷങ്ങള്‍ക്കകം കുഞ്ഞുങ്ങളെ തണ്റ്റെ ചിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു. കുഞ്ഞാമിന ഐഷുവിനെ നോക്കി. അവള്‍ വലുതായിക്കൊണ്ടിരിക്കുന്നു. അവളുടെ മുഖത്ത്‌ നഖക്ഷതങ്ങളില്ല. അവളുടെ മുടിയിഴകള്‍ക്കിടയില്‍ വിരലുകല്‍ ഇഴഞ്ഞ പാടുകളില്ല. കുഞ്ഞാമിന അവളെ വീണ്ടും കെട്ടിപ്പിടിച്ച്‌ അവളുടെ കവിളുകളില്‍ ഉമ്മവച്ചു.

ഐഷുവിന്‌ ആശ്ചര്യമായി. ഉമ്മയെന്താണിങ്ങനെ പതിവില്ലാതെ ? കുഞ്ഞാമിന മകളെയും കൂട്ടി കുടിലിനുള്ളിലേക്ക്‌ നടന്നു.

കുടിലിണ്റ്റെ വാതിലിന്‌ കുറ്റിയില്ലാത്തതിനാല്‍ കുഞ്ഞാമിന ആദ്യമായി ദു:ഖിച്ചു. പലവുരു കുറ്റിയെക്കുറിച്ച്‌ ചിന്തിച്ചതാണ്‌. പക്ഷേ, അപ്പോഴെല്ലാം വേണ്ടെന്നു വയ്ക്കാന്‍ കാരണം കുടിലിനുള്ളില്‍ അടച്ചുസൂക്ഷിക്കാന്‍ വിലപ്പെട്ടതൊന്നുമില്ല എന്നതിനാലായിരുന്നു. തണ്റ്റെ സ്ത്രീത്വം പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

പക്ഷേ, ഇന്ന് ഈ വാതിലിനു കുറ്റിയുണ്ടയിരുന്നെങ്കില്‍ ഈ അവസാന വേഴ്ചക്ക്‌ ഭയാശങ്കകള്‍ വേണ്ടായിരുന്നു.

എന്നും ചാണകത്തിണ്റ്റെയും പുകയുടെയും ഗന്ധം മാത്രം ശ്വസിച്ചു ശീലിച്ച ശവംതീനിയുറുമ്പുകള്‍ സന്തോഷിച്ചു. മാളങ്ങളില്‍നിന്നും ഉറുമ്പുകള്‍ ഓരോന്നായി പുറത്തുവന്നു. മടുപ്പിക്കുന്ന വിയര്‍പ്പിണ്റ്റെ ഗന്ധം ശ്വസിച്ച്‌ അവര്‍ ഐഷുവിണ്റ്റെയും കുഞ്ഞാമിനയുടെയും ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു.

പകല്‍ വെളിച്ചത്തിണ്റ്റെ ഭയപ്പാടില്‍ കുടിലിണ്റ്റെ കുറ്റിയിടാത്ത വാതില്‍ വലിച്ചു തുറന്ന് വേഴ്ചക്കു ശേഷമുണ്ടായ സംതൃപ്തിയോടെ മൃത്യു ആരും കാണാതെ ഓടിമറഞ്ഞു.

Pictures: Google

6 comments:

ajith said...

ഐഷുവും കുഞ്ഞാമിനയും നല്ലൊരു വായന തന്നു. അഭിനന്ദനങ്ങള്‍

sm sadique said...

ചില ജീവിതങ്ങൾ ഇങ്ങനെയാണ് .ഗതികേട് കൊണ്ട് ചുണ്ടുകളിൽ നിന്നും ചോരപൊടിയുന്നവർ;മാറിൻ മൃദുലതയിൽ നഖപ്പാടും മുറിപ്പാടും ഏൽക്കുന്നവർ. ആശംസകൾ..........

Rare Rose said...

ഒരു ചെറിയ കഥാതന്തുവിനെ മനസ്സു തൊടും വിധം നന്നായെഴുതി..

ഒരു ദുബായിക്കാരന്‍ said...

കഥ ഇഷ്ടായി...ഹൃദ്യമായ അവതരണം..ആശംസകള്‍.

ബിലാത്തിപട്ടണം Muralee Mukundan said...

കുഴപ്പമില്ല എന്ന് മാത്രം...

UNAIS K said...

ഇഷ്ടമായി