Tuesday, May 29, 2012

വഴികള്‍

 

താളബോധമില്ലാത്ത ഹൃദയവും, അടഞ്ഞുതുടങ്ങിയ ഹൃദയ ധമനികളും, ദിശാബോധം നഷ്ടപ്പെട്ട ജീവിതവും മാത്രമേ മുത്തുവിനു മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.

വഴിവക്കിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തെ വകവയ്ക്കാതെ ആ ചാറ്റല്‍ മഴയത്തിറങ്ങി നടക്കുമ്പോള്‍ മുത്തുവിനു മുന്നില്‍ ഒരേഒരു ലക്ഷ്യം മാത്രം.

ഒരുപക്ഷേ, വേനല്‍ചൂടിന്റെ വറുതിയില്‍ ഉരുകുന്ന നഗരം, ഈ മഴയെ നേരത്തേ പ്രതീക്ഷിച്ചിരുന്നിരിക്കാം.

രാത്രിയുടെ നിശബ്ദതയിലേക്ക് നനഞ്ഞ ഒരു പകല്‍ ഭോഗാതുരതയോടെ ചെന്നെത്തിനില്‍ക്കുന്നു.

വഴിവക്കിലൂടെ കുത്തിയൊലിച്ചൊഴുകുന്ന ചെളിവെള്ളം നിറയെ നഗരത്തിന്റെ അഴുക്ക്.

അബു സലീമിന്റെ പഴയ ബാറിനു പുറകിലെ തകര വേലിക്കിടയിലൂടെ രണ്ടുകണ്ണുകള്‍ മുത്തുവിന്റെ കാലുകളിലുടക്കി. ഏതൊരാണിനേയും പോലെ അവനും ഒരു നിമിഷം നിന്നു. അവിടെ കൂട്ടിയിട്ടിരുന്ന പാട്ടകള്‍ക്കു മുകളില്‍ കയറി മുത്തു അകത്തേക്കു നോക്കി.

പാതികീറിയ മഴക്കോട്ടുകൊണ്ട് തലമറച്ച് പകുതി നനഞ്ഞ ഒരു പെണ്ണ്‌.  അവളുടെ കണ്ണുകളില്‍ കാമാത്തിപ്പുരത്തെ പെണ്ണുങ്ങളുടെ കണ്ണുകളില്‍ കാണുന്ന വില്‍പ്പനയുടെ ഭാഷയില്ല, പകരം വല്ലാത്തൊരു ദൈന്യത.

ഇളകിയ തകരവേലിക്കപ്പുററത്തേക്ക് നൂണ്ടു കയറിയ അവന്റെ കൈത്തണ്ട തുരുമ്പിച്ച തകരപ്പാട്ട കൊണ്ടു കീറി. മഴയുടെ നനവും കൂടിയായപ്പോൾ വല്ലാത്ത നീറ്റല്‍.

പക്ഷേ, ഇനി വരുംവരായ്കകള്‍ നോക്കാനില്ല. സമൂഹത്തിന്റെ സദാചാര സംഹിതകളെ ഭയപ്പെടാനില്ല.

തകരവും ചാക്കും കൊണ്ടുമറച്ച ഒരു ചായിപ്പിലേക്ക് അവളോടൊപ്പം മുത്തുവും അകത്തേക്കു കയറി. മുത്തുവിന്റെ നിശബ്ദത അവള്‍ക്ക് ഏറ്റവുമെളുപ്പം വ്യഖ്യാനിക്കാന്‍ കഴിയുന്ന ഭാഷയായിരുന്നു.

അയഞ്ഞ കയറ്റുകട്ടിലില്‍ കിടന്നിരുന്ന കുഞ്ഞിനെ പുതപ്പോടെ വാരിയെടുത്ത് താഴെക്കിടത്തിയ ശേഷം കട്ടിലിനു മുകളിലേക്ക് ഒരു പഴയ പരുത്തിത്തുണി അവള്‍ വിരിച്ചു. എന്നിട്ട് മെല്ലെ അവളെ നനയാതെ പുതച്ചിരുന്ന കീറിയ മഴക്കോട്ട് ഊരിമാറ്റി.

അവള്‍ അവളെ അടിമുടി നോക്കി. പാതി നനഞ്ഞ മെല്ലിച്ച പെണ്‍കുട്ടി. അധികം പ്രായമില്ല.

മുത്തു അവളോടൊത്ത് കട്ടിലില്‍ ഇരുന്നപ്പോഴേക്കും കുട്ടി കരയാന്‍ തുടങ്ങി.

തിരിച്ചറിവുകളുടെ അദൃശ്യ തരംഗങ്ങള്‍ ഒരുപക്ഷേ അവനെ വേദനിപ്പിച്ചിട്ടുണ്ടാകാം.

കുട്ടിയുടെ അടുത്ത് കുനിഞ്ഞിരുന്ന് , അവനെ ചരിച്ചുകിടത്തി മുതുകില്‍ പതുക്കെ തലോടി അവളവനെ ഉറക്കാന്‍ ശ്രമിച്ചു. അവളുടെ കൈത്തണ്ടയിലെ പൊള്ളിയ പാടില്‍ അവന്റെ കണ്ണുടക്കി. കുട്ടി കരച്ചില്‍ നിര്‍ത്തുന്നതേയില്ല.

പുറത്ത് തകരഷീറ്റില്‍ മഴത്തുള്ളി പതിക്കുന്ന ഭീതിതമായ ശബ്ദം.

അവള്‍ മുത്തുവിനോട് നോട്ടം കൊണ്ട് ക്ഷമ ചോദിച്ച് കുട്ടിയെ അടക്കികിടത്താന്‍ ശ്രമിച്ചു.

കുട്ടി കരഞ്ഞുകൊണ്ടേയിരുന്നു.

ഒടുവില്‍ കുട്ടിയെ വാരിയെടുത്തവള്‍ ബ്ലൗസിന്റെ കുടുക്കഴിച്ചപ്പോള്‍ മുത്തു അവിടെനിന്നും എഴുന്നേറ്റു. പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന ഏതാനും നോട്ടുകള്‍ അവളെ ഏല്‍പ്പിച്ച് തകരപ്പാളികൾക്കിടയിലൂടെ തിരികെ നടക്കുമ്പോള്‍ അവളുടെ മഴക്കാറു നിറഞ്ഞ കണ്ണുകളിള്‍ ആശ്ചര്യത്തിന്റെ തിളക്കം.
മഴ വീണ്ടും കൂടി.

മഴയിലും, നിരത്തിലെ മഞ്ഞവെളിച്ചത്തിലും നനഞ്ഞ് അവന്‍‍ നടപ്പു തുടര്‍ന്നു. വേഗം ലക്ഷ്യത്തിലെത്തണം.

വഴികള്‍ പിന്നിട്ടുകൊണ്ടിരിക്കുമ്പോള്‍ ദൂരെ കടലിരമ്പുന്ന ശബ്ദം കേട്ടുതുടങ്ങി.

കടലിനുമുകളിലെ മേല്‍പ്പാലത്തിനു മുകലിലെത്തി അവന്‍‍ തിരിഞ്ഞു നോക്കി. ഇനിയൊരിക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴികള്‍.

ഒന്നില്‍നിന്നും മറ്റൊന്നിലേക്കു കൊണ്ടെത്തിച്ച ഓരോരോ നിയോഗങ്ങള്‍. ചവിട്ടിക്കയറിയ പടവുകള്‍. വഴുതിവീണ നിമിഷങ്ങള്‍.

മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒന്നും ജീവിതത്തിലില്ലെന്ന തിരിച്ചറിവു നേടിയപ്പോഴാണ്‌ അവന്‍ അതു തീരുമാനിച്ചത്.

കടലിന്റെ മേല്‍പ്പാലത്തിലൂടെ മുത്തു മുന്നോട്ടു നടന്നു. മഴയില്‍ കുതിര്‍ന്നിട്ടും അവന്‍ നന്നേ വിയര്‍ത്തു.

കടല്‍പ്പാലത്തിന്റെ അറ്റത്ത് അപകടസൂചനകാണിക്കുന്ന പലക ബോര്‍ഡ് കാറ്റത്ത് ഇളകിയാടി.

മുത്തുവിനു മുന്നില്‍ വഴി തീരുകയാണ്‌. കലങ്ങി മറിയുന്ന കടലിലെ ഓളങ്ങള്‍ അവനു വേണ്ടി കാത്തു നിന്നു.

ഇനി ഒരു നിമിഷം....... ഒരു ചാട്ടം. മരവിച്ച മനസ്സുമായി ഇനി ജീവിക്കേണ്ട.

മുത്തു കണ്ണുകള്‍ ഇറുക്കെ അടച്ചു. ഉള്ളില്‍ ഭയത്തിന്റെ ഓളങ്ങള്‍.

ഇല്ല, എല്ലാം മതിയാക്കണം. അവന്‍ കണ്ണടച്ച് ചാടാന്‍ തയ്യാറെടുക്കുമ്പോഴേക്ക്.... ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍.

അവന്‍ കണ്ണു തുറന്നു നോക്കി. ഇല്ല, എല്ലാം തോന്നലാണ്‌.

കണ്ണുകള്‍ ഇറുക്കെ അടച്ച്, എല്ലാ ധൈര്യവും സംഭരിച്ച് ചാടാനോങ്ങുമ്പോള്‍, വീണ്ടും ആ കരച്ചില്‍. അതെ ആ തകരച്ചായ്പ്പിലെ തറയില്‍ കിടന്നു കരയുന്ന കുഞ്ഞ്. അവിടെ അവനെ വളര്‍ത്താന്‍ ശരീരം വില്‍ക്കുന്ന അമ്മ...

മഴയില്‍ നനഞ്ഞ ആ കണ്ണുകളുടെ തിളക്കം മുത്തുവിനെ പിന്നിലേക്കു വലിച്ചു. മുത്തു പതിയെ കണ്ണു തുറന്നു. മുന്നില്‍ തന്റെ ജീവനുവേണ്ടി ആർത്തിരമ്പുന്ന ഓളങ്ങള്‍.

അവന്‍ ഭയന്ന് പുറകോട്ടു മാറി.

അല്‍പ്പം മുൻപ് കടലിലേക്കു ചാടിയിരുന്നെങ്കില്‍..... ഇപ്പോള്‍ പ്രാണവായു കിട്ടാതെ, വെള്ളവും കുടിച്ച് .....

മുത്തു വിറച്ചു. അവന്‍ ഭയന്ന് തിരികെ ഓടി.

കലങ്ങിമറിഞ്ഞ ഓളങ്ങള്‍ തന്റെ പിന്നാലെ വരുന്നെന്ന് അവനു തോന്നി. അവന്‍ വേഗത്തിലോടി.

ഒടുവില്‍ തകരച്ചായ്പ്പിന്റെ അഭയത്തിലേക്ക് അനുവാദമില്ലാതെ കടന്നുചെന്നപ്പോള്‍ അവള്‍ അമ്പരന്നു.

ചായ്പ്പിന്റെ മൂലയില്‍ വിറച്ചു കൂനിയിരിക്കുമ്പോള്‍ , അവള്‍ മുഷിഞ്ഞു നാറിയ ഒരു തോര്‍ത്ത് അവനു നേരെ നീട്ടി.

ഉണക്കച്ചാക്കുകള്‍ക്കു മുകളില്‍ അന്നാദ്യമായി മുത്തു സുഖമായുറങ്ങി. സുരക്ഷിതത്ത്വത്തിന്റെ കവചവുമണിഞ്ഞ് അവളും......


                                                                                       
ചിത്രം: കടപ്പാട് - ഗൂഗിൾ

18 comments:

ഒറ്റയാന്‍ said...

പ്രത്യാശയുടെ ചെറിയൊരു കണിക മതി, ജീവിതഗതി മാറ്റിമറിക്കാൻ.....
ഓരോ വഴികളും കടന്നു പോകുമ്പോൾ നാമറിയാതെ നാം തേടുന്നതും അതു തന്നെ...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇത് എന്താ ചൈനീസ് ബ്ലോഗ്‌ ആണോ ?പ്രത്യാശ ?വഴികള്‍ ?ഒന്നും വായിക്കാന്‍ പറ്റുന്നില്ല

Cv Thankappan said...

വായിക്കാന്‍ പറ്റുന്നില്ല.

ഒറ്റയാന്‍ said...

ഫോണ്ടിന്റെ കുഴപ്പം കാണിച്ചു തന്ന സിയാഫിനും സി.വി.ചേട്ടനും. നന്ദി.

ശരിയാക്കിയിട്ടുണ്ട്.

ajith said...

കുഞ്ഞുകഥ, നല്ല കഥ, വായന പ്രയോജനമായിത്തീരുന്ന ഒരു കഥ. ആശംസകള്‍

Rare Rose said...

ഒരു നിമിഷം മതിയല്ലേ ജീവിതം മാറിമറിയാന്‍.. നല്ലൊരു കൊച്ചു കഥ..ഇഷ്ടായി..

“മഴയിലും, നിരത്തിലെ മഞ്ഞവെളിച്ചത്തിലും നനഞ്ഞ് അവള്‍ നടപ്പു തുടര്‍ന്നു. വേഗം ലക്ഷ്യത്തിലെത്തണം.

കടലിനുമുകളിലെ മേല്‍പ്പാലത്തിനു മുകലിലെത്തി അവള്‍ തിരിഞ്ഞു നോക്കി. ഇനിയൊരിക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴികള്‍.”

ഈ വാക്യങ്ങളില്‍ അവള്‍ എന്നു കണ്ടു..അവന്‍/മുത്തു എന്നല്ലേ വേണ്ടത്?

kochumol(കുങ്കുമം) said...

പ്രത്യാശയുടെ ചെറിയൊരു കണിക മതി, ജീവിതഗതി മാറ്റിമറിക്കാൻ....!!
കുഞ്ഞുകഥ നന്നായി പറഞ്ഞു ഒറ്റയാന്‍ ...!!

kanakkoor said...

good story in a small plot.
നന്നായി . ആശംസകള്‍ .

Pradeep Kumar said...

എനിക്കു കഥ ഇഷ്ടമായി - കാരണം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മഹത്തായൊരു സന്ദേശം ഈ കഥ അനുവാചകനു നല്‍കുന്നുണ്ട്....

ജീവിത നിരാസത്തിന്റെയും, കാമനയുടേയും ഇടയിലുള്ള ആത്മസംഘര്‍ഷങ്ങളെ ശക്തമായ ബിംബകല്‍പ്പനകളിലൂടെ നന്നായി വരച്ചിരിക്കുന്നു.

എല്ലാം വെട്ടിപ്പിടിക്കുമ്പോഴും മനുഷ്യന് വിദൂരസ്ഥമായി ഭവിക്കുന്ന ആത്മശാന്തി എന്നതിന്റെ അര്‍ത്ഥം എന്താണ് എന്നും ഈ കഥ പറഞ്ഞു തരുന്നു....

MINI.M.B said...

നല്ല ആശയം. അവസാനം അല്‍പ്പം എഡിറ്റിംഗ് ആവാമായിരുന്നു, ആശംസകള്‍.

അനശ്വര said...

നല്ല ചെറുകഥ. ആത്മസങ്കര്‍ഷത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു; അതും വളരെ കുറഞ്ഞ വരികളിലൂടെ. അവസാനം വരെ ആകാംക്ഷ നില നിലനില്‍ക്കും വിധം അവതരിപ്പിക്കാനും കഴിഞ്ഞു.

Admin said...

പ്രത്യാശയുടെ ചെറിയൊരു കണിക മതി, ജീവിതഗതി മാറ്റിമറിക്കാൻ....!!
കഥയുടെ കഥനരീതി അറിയാം ഒറ്റയാന്..
വളരെക്കുറച്ചുവരികളിലൂടെ നന്നായി കഥപറഞ്ഞു. കഥയിലൂടെ സ്വന്തം ജീവിതഗതി മാറ്റിമറിക്കാനാവട്ടെയെന്ന് ആസംസിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

കുറച്ച് വാക്കുകളാൽ ഇമ്മിണി കാര്യം...!

Rare Rose said...

ഇവിടെയിപ്പോൾ പുതുതൊന്നുമില്ലേ? :)

ഒറ്റയാന്‍ said...

റോസ്‌,
ഈ എത്തിനോട്ടം സന്തോഷം നല്കുന്നു.

നാട്ടിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്നു. പ്രത്യേകിച്ചും മഴയെ.... ആ തിരക്കിൽ കുറേ നാളായി ഈ വഴി വന്നില്ല. ഡയറിയിൽ എഴുതിവച്ചത്‌ ടയ്പ്പു ചെയ്യാനും തോന്നിയില്ല...

പ്രോത്സാഹനങ്ങൾക്കു നന്ദി.

അന്നൂസ് said...

നന്നായിരിക്കുന്നു ...കഥ..! ഇഷ്ട്ടമായി.
(അവള്‍ അവളെ അടിമുടി നോക്കി. പാതി നനഞ്ഞ മെല്ലിച്ച പെണ്‍കുട്ടി. അധികം പ്രായമില്ല--അവന്‍ അവളെ എന്നാണ് വേണ്ടതെന്നു തോന്നുന്നു....)

Pradeep Kumar said...

രണ്ടായിരത്തി പന്ത്രണ്ടിനു ശേഷം കാലമേറെ ആയെന്ന് ഒറ്റയാൻ മറന്നുപോവുന്നു............

Anonymous said...



Very good. keep writing.