Friday, July 25, 2008

ഒരു സാധാരണക്കാരണ്റ്റെ ആത്മഗതം.

എറണാകുളത്തുള്ള ഏതോ മാനസിക രോഗവിദഗ്ധന്‍ എനിക്കു നല്‍കിയ ഗുളികകള്‍ അമ്മ എന്നെ കഴിപ്പിച്ചിട്ട്‌ ഇപ്പോള്‍ പുറത്തേക്ക്‌ പോയതേയുള്ളൂ. ഇതേവരെ അതിരുകവിഞ്ഞ അനുസരണക്കേട്‌ കാണിക്കാത്തതു കൊണ്ടു മാത്രമാണ്‌ ആ ചുവന്നതും വെളുത്തതുമായ ഗുളികകള്‍ ഞാന്‍ കഴിക്കുന്നത്‌. സത്യം പറഞ്ഞാല്‍ എനിക്കാ ഗുളികകള്‍ കഴിക്കാന്‍ തീരെ ഇഷ്ടമല്ല. ആ മാനസിക രോഗവിദഗ്ധനെ സന്ദര്‍ശിക്കേണ്ടി വന്നതും ഗുളിക കഴിക്കേണ്ടി വന്നതും എന്തുകൊണ്ടാണെന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ !

എണ്റ്റെ കൂട്ടുകാരും നാട്ടുകാരും എന്തിന്‌ വീട്ടുകാര്‍ പോലും പറയുന്നു എനിക്ക്‌ ഭ്രാന്തിണ്റ്റെ തുടക്കമാണെന്ന്‌. ഭ്രാന്തന്‍മാരെല്ലവരും തനിക്ക്‌ ഭ്രാന്തില്ലെന്നേ പറയൂ എന്ന സിദ്ധാന്തവും അവര്‍ കണ്ടു പിടിച്ചതിനാല്‍ എനിക്ക്‌ ഭ്രാന്തില്ലെന്നു പറയാനുമാകാത്ത ധര്‍മ്മസങ്കടത്തിലാണ്‌ ഞാനും. എന്തായാലും ഒരു കാര്യം എനിക്കിപ്പോള്‍ ബോദ്ധ്യമായി. കുറേ ആള്‍ക്കാര്‍ ഒരുമിച്ചു ചേര്‍ന്നാല്‍ ഒരുവനെ കള്ളനോ മദ്യപാനിയോ ഒക്കെ ആക്കാന്‍ കഴിയും. അതുകൊണ്ടാവും എല്ലാവരും സമൂഹത്തെ ഭയപ്പെടുന്നത്‌.

ഭ്രാന്തിണ്റ്റെ തുടക്കമാണെന്നൊക്കെ പറഞ്ഞ്‌ എന്നെ ഈ മുറിക്കു പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ല. എനിക്കാണെങ്കില്‍ വീടിനു പുറത്തിറങ്ങണമെന്ന്‌ വലിയ ആഗ്രഹവുമില്ല. പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ കളിയാക്കും. അപ്പോള്‍പ്പിന്നെ മൂന്നു നേരവും നന്നായി ഭുജിച്ച്‌ ഫ്രോയിഡിണ്റ്റെയും റോബര്‍ട്ട്‌ ഫ്രോസ്റ്റിണ്റ്റെയും അന്ന അഹമ്മത്തോവയുടെയും നിത്യ ചൈതന്യ യതിയുടെയും ഒപ്പം ഈ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ലേ ഭംഗി. അയ്യോ...ഞാന്‍ പിന്നെയും ഡോക്ടറെ കാണേണ്ടിവന്ന അവസ്ഥയെക്കുറിച്ച്‌ പറയാന്‍ മറന്നു. ഈ മറവി പണ്ടേ എണ്റ്റെ കൂടെപ്പിറപ്പാണ്‌.

ഇനി കാര്യത്തിലേക്കു കടക്കാം. എനിക്ക്‌ ഇപ്പോഴുള്ള പല കാര്യങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. അക്കാര്യം തുറന്നു പ്രകടിപ്പിക്കാനും എനിക്കു മടിയുണ്ടയിരുന്നില്ല.

തറവാട്ടില്‍ മിക്സി വാങ്ങാന്‍ തീരുമാനമെടുത്തപ്പോഴേ ഞാന്‍ പറഞ്ഞതാണ്‌ വേണ്ടെന്ന്‌. അരകല്ലില്‍ അരച്ചുകൂട്ടുന്ന കറിയുടെ സ്വാദിനോട്‌ കിടപിടിക്കാന്‍ മിക്സിക്ക്‌ കഴിയില്ലെന്ന്‌ പലതവണ വളരെ ഗൌരവമായിത്തന്നെ പറഞ്ഞതാണ്‌. പക്ഷേ ആരുമത്‌ വകവച്ചില്ല. മിക്സി കൊണ്ടുവന്നപ്പോള്‍ ദേഷ്യം തോന്നി. സഹിച്ചു. പിറ്റെദിവസം ഇഡ്ഡലി കഴിക്കാന്‍ ചെന്നിരുന്നപ്പോള്‍ വെള്ളത്തിള്‍ അജ്ഞാതജഡം പൊങ്ങിക്കിടക്കുന്നതുപോലെ തേങ്ങ പൊങ്ങിക്കിടക്കുന്ന ചട്നി കണ്ടപ്പോള്‍ തീരുമാനിച്ചുറച്ചതാണ്‌ ആരും കാണാതെ മിക്സി താഴേക്കെറിഞ്ഞുടക്കുക. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഞാന്‍ മിക്സി പൊക്കി താഴെയിടുന്നത്‌ അനിയത്തി കണ്ടു. അന്ന്‌ എല്ലാവരും എണ്റ്റെ മനസ്സിനെ ഒരുപാട്‌ ഉപദ്രവിച്ചു.

മറ്റൊരിക്കല്‍ മഹേഷുമൊത്ത്‌ സായഹ്നസവാരിക്കിറങ്ങിയപ്പോള്‍ റോഡരികില്‍ ഒരാള്‍ക്കൂട്ടം. കാര്യമെന്തെന്നറിയാന്‍ അങ്ങോട്ടു നടന്നു. ഒരു വില്‍പനക്കാരനാണ്‌. അയാളുടെ മുന്നില്‍ നിരത്തിവച്ചിട്ടുള്ള കുറേ കൊച്ചു കുപ്പികള്‍. കറ കളയുന്ന മരുന്നാണത്രേ! അയാളുടെ വാക്സാമര്‍ത്ഥ്യം രസകരമായി തോന്നി. എന്തിണ്റ്റെയും കറ കളയുന്ന മരുന്നാണതെന്ന്‌ പറഞ്ഞപ്പോഴാണ്‌ ഞാനത്‌ ചോദിച്ചത്‌. മനസ്സിലെ കറ കളയാന്‍ ഇതിനു കഴിയുമോ? അത്രയുമേ ഞാന്‍ ചോദിച്ചുള്ളൂ, അവിടെ കൂടിനിന്നവര്‍ മഹേഷടക്കം ചിരി തുടങ്ങി. വില്‍പനക്കാരനാകട്ടെ മറ്റാരെയോ നോക്കി കയ്യിലെ ചൂണ്ടുവിരല്‍ തലയുടെ ഒരുവശത്ത്‌ ചേര്‍ത്ത്‌ കറക്കിയത്‌ എനിക്കത്ര പിടിച്ചില്ല. അയാള്‍ കുപ്പിനിരത്തിവച്ചിരിക്കുന്ന തുണിയുടെ ഒരറ്റം പിടിച്ച്‌ ഞാന്‍ ഒരു പൊക്കുകൊടുത്തു. ദേഷ്യം എനിക്കു പണ്ടേ നിയന്ത്രിക്കാനറുഞ്ഞു കൂടാ. പക്ഷേ അന്ന്‌ മഹേഷ്‌ എണ്റ്റെ കൂടെ ഇല്ലായിരുന്നെങ്കില്‍ അയാളെന്നെ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെത്തിച്ചേനേ. ഞാനും വിട്ടുകൊടുക്കുകയില്ലായിരുന്നു. അവസാനം വസന്തവിഹാറില്‍ നിന്നും മസാലദോശ തിന്നാനും മഹേഷ്‌ ഫീസുകൊടുക്കനും വച്ചിരുന്ന കാശ്‌ അയാള്‍ക്ക്‌ കൊടുത്തിട്ടാണ്‌ അവിടം വിട്ടത്‌.

ഇതുപോലെ തന്നെ ഞാനും മഹേഷും നാരായണനും കൂടി കടപ്പുറത്തു പോകുന്ന വഴി ഞാനൊരു കാഴ്ച കണ്ടു. അറവുശാലയിലേക്ക്‌ കൊണ്ടുപോകുന്ന കുറേ സാധുജന്തുക്കള്‍ റോഡില്‍ തളം കെട്ടിനില്‍ക്കുന്ന ചെളിവെള്ളം കുടിക്കാന്‍ വേണ്ടി ഒരു നിമിഷം നിന്നപ്പോള്‍ ആ കറുത്തുമെലിഞ്ഞ പയ്യന്‍ അവണ്റ്റെ നീണ്ട ചാട്ട ഉപയോഗിച്ച്‌ അവറ്റകളെ വെറുതേ അടിക്കുന്നു. നാരായണന്‍ രസിച്ച്‌ നോക്കി നിന്നെങ്കിലും എനിക്ക്‌ ഉള്‍ക്കൊള്ളന്‍ കഴിഞ്ഞില്ല. സൈക്കിളില്‍ നിന്നിറങ്ങി അവണ്റ്റെ കയ്യിലെ ചാട്ട പിടിച്ചുവാങ്ങി ഞാന്‍ അവനും കൊടുത്തു മൂന്നുനാലടി. അവണ്റ്റെ ഉറക്കെയുള്ള കരച്ചില്‍കേട്ട്‌ ആളുകൂടി. എന്നാല്‍ ഈ ജന്തുസ്നേഹിയുടെ ഭാഗം പിടിക്കാന്‍ ആരുമുണ്ടായിരുന്നില്ല. മുന്‍ജന്‍മസുക്ര്‍തം കൊണ്ട്‌ അവിടെനിന്നും രക്ഷപെട്ടു.

ഒരിക്കല്‍ വീടിണ്റ്റെ ഭിത്തിയുടെ മൂലയില്‍ കറുത്ത ഉറുമ്പുകളുടെ ഒരു കൂട്‌ ഞാന്‍ കണ്ടെത്തി. രണ്ടുമൂന്നു ദിവസം അവറ്റകളെ രാപകല്‍ നിരീക്ഷിച്ചു. പിന്നീട്‌ അവയ്ക്ക്‌ ശര്‍ക്കരപ്പൊടി, പപ്പടം പൊടിച്ചത്‌, പഞ്ചസാര എന്നിവയും വിതരണം ചെയ്യാന്‍ തുടങ്ങി. എണ്റ്റെ ഈ പ്രക്രിയ അമ്മ കണ്ടുപിടിച്ചു. എനിക്കു വട്ടാണെന്ന്‌ എണ്റ്റെ മുഖത്തുനോക്കിത്തന്നെ അമ്മ പറഞ്ഞു.

ഇന്നലെ എണ്റ്റെ മുറിയുടെ പുറത്തായി ജനലിനു സമീപത്തായി രണ്ടുപേര്‍ എന്നെ കാണാന്‍ വന്നു. വര്‍ഷങ്ങളായി ഞങ്ങളുടെ പറമ്പിലെ എല്ലാ പണിയും ചെയ്തിരുന്ന കുറുമന്‍ കുറവനും മേമക്കുറത്തിയും. "അയ്യോ പാവം, സ്വാതന്ത്യ്രമൊന്നുമില്ലാതെ മുറിയില്‍ തന്നെ അടച്ചിട്ടിരിക്കുന്നു, കഷ്ടം!" എന്നു കരുതിയാവും മേമക്കുറത്തി കവിളത്തി കൈയ്യും തങ്ങി സങ്കടപ്പെട്ടു നിന്ന്ത്‌. അതു കണ്ട്‌ എനിക്ക്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചിരിച്ചു. മനസ്സുനിറഞ്ഞ്‌ ചിരി വരുമ്പോള്‍ എന്തിനത്‌ അമര്‍ത്തി അടക്കി വീര്‍പ്പുമുട്ടണം. ഞാന്‍ പൊട്ടിപ്പൊട്ടി ചിരിച്ചു. സത്യത്തില്‍ ആര്‍ക്കണ്‌ അസ്വാതന്ത്യ്രം? അവര്‍ക്കല്ലേ? ഈ നാലുചുവരുകള്‍ക്കുള്ളില്‍ എനിക്ക്‌ എന്തും ചെയ്യാം. പക്ഷേ അവര്‍ക്കതിനു കഴിയുമോ? എന്തെങ്കിലും ചെയ്യണമെങ്കില്‍ അത്‌ സമൂഹം അംഗീകരിച്ചതവണമെന്ന നിബന്ധനയില്ലേ. അവര്‍ പോയിട്ടും എണ്റ്റെ ചിരി തുടര്‍ന്നുകൊണ്ടേയിരുന്നു. എങ്ങിനെ ചിരിക്കാതിരിക്കും.

ഗീതയോട്‌ എന്നെ പ്രേമിക്കാമോയെന്നു തുറന്നു ചോദിച്ചതിനാണ്‌ അവളുടെ ആങ്ങിളമാര്‍ എണ്റ്റെ കഴുത്തിനു കുത്തിപ്പിടിച്ചത്‌. എനിക്കിപ്പോഴും അതിണ്റ്റെ പൊരുള്‍ മനസ്സിലാവുന്നില്ല. പറ്റില്ലെങ്കില്‍ അവള്‍ക്ക്‌ അതെന്നോടു പറഞ്ഞാല്‍ പോരായിരുന്നില്ലേ. വെറുതേ ആങ്ങിളമാരെയും എന്നെയും ബുദ്ധിമുട്ടിച്ചത്‌ എന്തിനാണ്‌. ഒരാള്‍ മാത്രമായിരുന്നെങ്കില്‍ എന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. പക്ഷേ, മൂന്നുമാലു പേര്‍, അതും തടിമാടന്‍മാര്‍ ഒരുമിച്ചുവന്നാല്‍ ഞാനെന്താ ചെയ്യുക. മിക്ക പ്രേമങ്ങളും ദുരന്തപര്യവസായി ആയിരിക്കും എന്നാരാണ്‌ പറഞ്ഞത്‌. ഒരുപക്ഷേ അയാള്‍ക്കും ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായിരിക്കും.

എണ്റ്റെ മേശക്കുള്ളില്‍ ഒന്നാം ക്ളാസ്സിലെ എണ്റ്റെ പാഠപുസ്തകവും മൂന്നാമത്തെ വയസ്സില്‍ ഞാന്‍ പല്ലുതേച്ചിരുന്ന ബ്രഷും സൂക്ഷിച്ചുവച്ചിരിക്കുന്നതു കണ്ട്‌ എണ്റ്റെ കൂട്ടുകാര്‍ എന്നെ കളിയാക്കാറുണ്ട്‌. എന്നാല്‍ നമുക്ക്‌ ഒരു എണ്‍പതുവയസ്സാകുമ്പോള്‍ മൂന്നാമത്തെ വയസ്സില്‍ പല്ലുതേച്ചിരുന്ന ബ്രഷുകാണുമ്പോള്‍ തോന്നുന്ന കൌതുകം, ഒന്നാം ക്ളാസ്സിലെ തറയും പറയും കുഞ്ചിയമ്മയുടെ പാട്ടും ഉള്ള പുസ്തകം കാണുമ്പോള്‍ തോന്നുന്ന സന്തോഷം അവന്‍മാര്‍ക്ക്‌ പറഞ്ഞാല്‍ മനസ്സിലാവില്ല. നമ്മുടെ ജീവിതത്തിണ്റ്റെ തുടക്കങ്ങളാണവയെല്ലാം. ഇത്തരം കൊച്ചു കൊച്ചു തുടക്കങ്ങളിലൂടെയാണ്‌ നാം ഇവിടെയെത്തിയതെന്ന്‌ യാന്ത്രികതയില്‍ ജീവിക്കുന്ന ഇവര്‍ക്ക്‌ മനസ്സിലായെന്നു വരില്ല. എന്തായാലും തുടക്കങ്ങളെ മറന്നുള്ള ജീവിതം എനിക്കു വേണ്ട.

അന്ന്‌ രാത്രി ഏകദേശം ഒരു മണിയായിക്കാണും. ഉറങ്ങിക്കിടന്ന അച്ഛനേയും അമ്മയേയും വിളിച്ചുണര്‍ത്തി എനിക്ക്‌ കുടജാദ്രിയില്‍ പോകണമെന്നു പറഞ്ഞതിണ്റ്റെ പിറ്റേ ദിവസമാണ്‌ എന്നെ എറണാകുളത്തുള്ള ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയത്‌. കുടജാദ്രിയില്‍ ആ രാത്രി തന്നെ പോകണമെന്നു പറഞ്ഞ്‌ ഞാന്‍ ബഹളം വച്ചു എന്നത്‌ നേരാണ്‌. പക്ഷേ അതെന്തുകൊണ്ടെന്ന്‌ അവരെന്താണ്‌ മനസ്സിലക്കാത്തത്‌.

അന്ന്‌ കിടന്നുറങ്ങുമ്പോള്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു. മഞ്ഞിണ്റ്റെ കമ്പളം പുതച്ചു നില്‍ക്കുന്ന നീലമലകള്‍. അവിടെനിന്നൊഴുകുന്ന അരുവിക്ക്‌ കണ്ണീരിനേക്കാള്‍ തെളിമയും വിശുദ്ധിയും ഉണ്ടായിരുന്നു. പ്രകൃതി മുഴുവന്‍ സംഗീതമയമാണ്‌. കാറ്റിലും കരയിലും നേര്‍ത്ത സംഗീതത്തിണ്റ്റെ മന്ത്രധ്വനികള്‍. ഞാനവിടെ ആ അരുവിയുടെ തീരത്ത്‌ അങ്ങിനെ പ്രകൃതിയില്‍ ലയിച്ചിരിക്കുമ്പോഴാണ്‌ അരുവിയുടെ അക്കരയില്‍നിന്നും ഒരു നൂപുരധ്വനി. ആദ്യം ഒന്നും കാണാന്‍ കഴിഞ്ഞില്ല. അല്‍പം കഴിഞ്ഞപ്പോള്‍ മഞ്ഞിണ്റ്റെ നേര്‍ത്ത ശീലയിലൂടെ നീല കസവുകരയുള്ള വെളുത്ത പട്ടുപാവാടയും ധരിച്ച്‌ ആ പെണ്‍കുട്ടി. അവള്‍ അക്കരെനിന്നെന്നെ വിളിക്കുകയാണ്‌. അവളുടെ കൊലുസ്സു കിലുങ്ങുന്ന കാല്‍പാദങ്ങള്‍ അരുവിയിലേക്കിട്ട്‌ കണ്ണില്‍ ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത സ്നേഹത്തിണ്റ്റെ ഭാഷയിലൂടെ അവളെന്നെ വിളിക്കുകയാണ്‌. ഉടനേ എനിക്ക്‌ അക്കരെ പോകണമെന്നു തോന്നി. അങ്ങിനെ കുടജാദ്രിയില്‍ പോകണമെന്നു കരുതിത്തന്നെയാണ്‌ ഞാന്‍ അച്ഛനേയും അമ്മയേയും വിളിച്ചുണര്‍ത്തിയത്‌. പക്ഷേ അവരെന്നെ മറ്റൊരിടത്തേക്കാണ്‌ കൂട്ടിക്കൊണ്ടുപോയത്‌. അവള്‍, ഒരുപക്ഷേ ആ അരുവിക്കരയില്‍ ഇപ്പോഴും എന്നെ കാത്തുനില്‍പുണ്ടാകും.

ആ ഡോക്ടര്‍ പറഞ്ഞത്‌ ഇതെല്ലാം എണ്റ്റെ തോന്നലാണെന്നാണ്‌. പക്ഷേ, ആ നൂപുരധ്വനി ഞാന്‍ ശരിക്കും കേട്ടതാണ്‌. ആ കണ്ണൂകളില്‍ നിറഞ്ഞു തുളുമ്പുന്ന സ്നേഹം ഒരു സ്വപ്നത്തിനും ഉള്‍ക്കൊള്ളാനാകില്ല. എത്രത്തോളം പഠിച്ച്‌ ഡോക്ടറായാലെന്ത്‌, മറ്റുള്ളവരെ മനസ്സില്ലാക്കാന്‍ കുറച്ചെങ്കിലും കഴിയണം.

എനിക്ക്‌ ആ ഡോക്ടറെ തീരെ കണ്ടുകൂടാ. ഒരു ബുള്‍ഗാന്‍ താടിയും ഉപബോധമനസ്സിണ്റ്റെ അകത്തട്ടിലേക്ക്‌ ചൂഴ്ന്നിറങ്ങുന്ന നോട്ടം സ്ഫുരിക്കുന്ന രണ്ടു കണ്ണൂകളൂം . ഇനി അയാളെ കാണാന്‍ എന്നെ കൊണ്ടുപോകുമ്പോള്‍ പോകരുത്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. അതിനിനി എന്തെല്ലാം കോലാഹലങ്ങള്‍ ഉണ്ടാവുമോ ആവോ? സമയം ഏറെയായി. അമ്മ ഇപ്പോള്‍ ചോറും കൊണ്ടു വരും. അതിനുമുന്നേ ഈ എഴുത്തു നിര്‍ത്തട്ടെ. ഇനി ഇതുകൂടി കണ്ടാല്‍........ !

14 comments:

വൃകോദരന്‍ said...

kollaam, nannaayittundu. enikku thonnunnath namikkellavarkkum bhraanthaanennaanu. pakshe samoohathe pedich nammalokke ath kuzhich moodunnu. oru mugham-moodi vekkunnu.ithine ethirkkunna prathikarana seshiyullavar avarude kannil bhranthanmaravunnu.....

വാല്‍മീകി said...

വളരെ നല്ല പോസ്റ്റ്. അറിയാതെയാണെങ്കിലും പെട്ടെന്ന് ഓർത്തുനോക്കിയപ്പോൾ ഈ ശീലങ്ങളൊക്കെ എനിക്കു ഉള്ളതാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. ആരോടും പറയണ്ട, എനിക്കു ഭ്രാന്താണെന്ന് ആരെങ്കിലും കരുതിയാലോ...

ഈ പോസ്റ്റിനെക്കുറിച്ച് രണ്ടു പേരോട് പറഞ്ഞിട്ടേയുള്ളൂ ബാക്കിക്കാര്യം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതെന്നെപ്പറ്റിയാണോന്നു തോന്നിപ്പോയി.എനിയ്ക്കുമുണ്ട് ഇത്തരം ഭ്രാന്തുകള്‍... ആരും ഇരുട്ടില്‍ അട്യ്ക്കാന്‍ വരരുതേ

വാല്‍മീകി പറഞ്ഞാ ആ രണ്ടില്‍ ഒരാള്‍ ഞാനാ :)

ശിവ said...

ഇതു ഭ്രാന്താണെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കാനും ജീവിക്കാനും ആണ് എനിക്കും ഇഷ്ടം...

ചിലപ്പോഴൊക്കെ ഞാനും ഇങ്ങനെയൊക്കെ തന്നെയാ...

ഭാഗ്യത്തിന് ഭ്രാന്താണെന്ന് ആരും പറഞ്ഞു കേട്ടില്ല...ഇനി അവരൊക്കെ മനസ്സില്‍ പറയുന്നുണ്ടാവാം..

ധ്വനി | Dhwani said...

അച്ചോടാ... ആ ഗുളികയില്‍ ചോപ്പുകളറുള്ളത് എനിയ്ക്കു താ! ആവശ്യമില്ലാത്ത ഗുളികകള്‍ ഒരുപാടു കഴിച്ചാല്‍ ഇല്ലാത്ത അസുഖമുണ്ടാവും!

കഥ ഒരുപാടിഷ്ടമായി.

Mad : Affected with a high degree of intellectual independence.
-Ambrose Bierce

:D ഇരിയ്ക്കട്ടേന്നേ! ഒരു ധൈര്യത്തിനു!

ധ്വനി | Dhwani said...

വാല്‍മീകി പറഞ്ഞതില്‍ രണ്ടാമത്തെയാള്‍ ഞാനാ!

വാല്‍മീകീ, ക്വോട്ടാ തീര്‍ന്നു. ഇനിയാരോടും മിണ്ടരുത്. ബാക്കി ഞാന്‍ നോക്കിക്കൊള്ളാം! :D

അനില്‍@ബ്ലോഗ് said...

ചങ്ങാതീ,
ആരാണു നോര്‍മല്‍?
അതിനു ഗവെഷണം വേറെ നടത്തേണ്ടിയിര്‍ക്കുന്നു.
സസ്നേഹം,
മറ്റൊരു പ്രാന്തന്‍

പാമരന്‍ said...

ഹ ഹ ഹ.. ഇതെന്താ പ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനമോ..

സെക്രട്ടറിയെ ഇതുവരെ തീരുമാനിച്ചില്ലെങ്കില്‍ ഞാനായിക്കോളാം.. വേറോന്നുംകൊണ്ടല്ല.. കൂട്ടത്തില്‍ ഇത്തിരി വെളിവു കൂടുതലുള്ളവന്‍ വേണല്ലോ നേതാവാകാന്‍...

നല്ല പോസ്റ്റ്‌..

lekhavijay said...

ആ തറ പറ പുസ്തകം എന്റെ കയ്യിലുമുണ്ട്.നന്നായെഴുതി.
ധ്വനിയും രണ്ട്പേരോട് പറഞ്ഞതില്‍ ഒന്നു ഞാനാ :)

മാന്മിഴി.... said...

ഓ...ഇനി ഞാനെന്തിനു മിണ്ടാതിരിക്കണം.......ഇതെനിക്കു പണ്ടേയുള്ളതാ...പക്ഷെ വീട്ടുകാര്‍ മരുന്നൊന്നും വാങ്ങിതന്നില്ല..അത്രെയുള്ളു.........

Rare Rose said...

നമ്മളിലേക്ക് തന്നെ ഒന്നു ചൂഴ്ന്നിറങ്ങി നോക്കിയാല്‍ ഇങ്ങനെ ഭ്രാന്താണെന്നു പറയിപ്പിക്കുന്ന ചിന്തകള്‍ ഒളിഞ്ഞിരിക്കുന്നത് കാണാം....അല്ലെങ്കിലും ആര്‍ക്കാല്ലേ ചിലപ്പോഴെങ്കിലും ഇത്തരം തോന്നലുകള്‍ ഇല്ലാത്തത്....
ഇനിയും തുടരൂ എഴുത്ത്...ആശംസകള്‍..:)

raadha said...

വളരെ നന്നായി അടുക്കും ചിട്ടയോടും കൂടെ ഈ പോസ്റ്റ് എഴുതിയ ഈ സുഹൃത്ത് ഭ്രാന്തനെന്നോ ?? കലി കാലം !!! പിന്നെ പണ്ടേ തന്നെ പ്രതികരണ ശേഷിയുള്ളവരെ അടിച്ചമര്‍ത്തുക എന്നതാണ് സമൂഹത്തിന്റെ പോളിസി. ഇതു പോലെ തന്നെ ഒക്കെ പ്രതികരിക്കണമെന്ന് ആഗ്രഹമുന്ടെങ്ങിലും സുഹൃത്തിന്റെ അത്ര ധൈര്യം ഇല്ലാത്തതു കൊണ്ടു ഉള്ളിലുള്ളത് അടക്കി diplomatic ആയി ജീവിക്കുന്ന ഒരു സാധാരണക്കാരിയുടെ അഭിനന്ദനങ്ങള്‍ !!!

Sureshkumar Punjhayil said...
This comment has been removed by the author.
Sureshkumar Punjhayil said...

enikku munpe vannavarellam ente abhiprayam paranjappol, njan ashamsayilothukkiyatha ketto.. Aa chuvanna gulika randennam veeham enikkum venam....!

Manoharam, Ashamsakal...!!!